ഹൂസ്റ്റണ്‍ തൃശൂര്‍ അസോസിയേഷന്‍ 'കല 2026' കലാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു; ഏപ്രില്‍ 25 വരെ അപേക്ഷിക്കാം

By: 600002 On: Mar 17, 2026, 10:30 AM



 

 

പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: തൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ  ആഭിമുഖ്യത്തില്‍ 'കല 2026' എന്ന പേരില്‍ വിപുലമായ കലാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 'തൃശൂര്‍ - കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം' എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് മത്സരങ്ങള്‍ നടക്കുന്നത്. എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാവുന്ന ഈ മത്സരത്തില്‍ ആകര്‍ഷകമായ പണക്കിഴികളാണ് വിജയികളെ കാത്തിരിക്കുന്നത്.

ചിത്രരചന, ഉപന്യാസ രചന (പരമാവധി 500 വാക്കുകള്‍), കവിതാരചന എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. എഴുത്തു മത്സരങ്ങള്‍ മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ വെവ്വേറെയായിരിക്കും വിലയിരുത്തപ്പെടുക.

മത്സരാര്‍ത്ഥികളെ  ഗ്രൂപ്പ് 1: 5 മുതല്‍ 10 വയസ്സ് വരെ. ഗ്രൂപ്പ് 2: 11 മുതല്‍ 17 വയസ്സ് വരെ. ഗ്രൂപ്പ് 3: 18 വയസ്സും അതിനു മുകളിലുള്ളവരും. എന്നീ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:

ചിത്രരചന: പൂര്‍ണ്ണമായും കൈകൊണ്ട് വരച്ച ചിത്രങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഡിജിറ്റല്‍ ആര്‍ട്ട്, കൊളാഷ്, കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള സൃഷ്ടികള്‍ എന്നിവ അനുവദനീയമല്ല.

ഓരോ പ്രായപരിധിയിലുള്ളവര്‍ക്കും പ്രത്യേകമായി നിശ്ചയിച്ചിട്ടുള്ള മാധ്യമങ്ങള്‍ (Crayons, Oil Pastels, Watercolors etc.) മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

ക്രിയേറ്റിവിറ്റി, മൗലികത, വിഷയവുമായുള്ള ബന്ധം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വിധിനിര്‍ണ്ണയം.

മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഒരാള്‍ക്ക് 15 ഡോളര്‍ ആണ് ഫീസ്. സൃഷ്ടികള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2026 ഏപ്രില്‍ 25 അര്‍ദ്ധരാത്രി വരെയാണ്. ഹൂസ്റ്റണില്‍ വെച്ച് നടക്കുന്ന തൃശൂര്‍ പൂരം ആഘോഷവേളയില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.