പി പി ചെറിയാന്‍
അമേരിക്കന്‍ സൈന്യത്തോടൊപ്പം അഫ്ഗാനിസ്ഥാനില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള അഫ്ഗാന്‍ അഭയാര്‍ത്ഥി ടെക്‌സസില്‍ ഇമിഗ്രേഷന്‍ കസ്റ്റഡിയിലിരിക്കെ മരിച്ചു. 41 വയസ്സുകാരനായ മുഹമ്മദ് നസീര്‍ പക്തിയാവാല്‍ ആണ് മരിച്ചത്. കസ്റ്റഡിയിലെടുത്ത് 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് മരണം സംഭവിച്ചത്.
2005 മുതല്‍ പത്ത് വര്‍ഷത്തിലേറെ അഫ്ഗാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സില്‍ സേവനമനുഷ്ഠിച്ച ഇദ്ദേഹം അമേരിക്കന്‍ സൈന്യത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021-ല്‍ അഫ്ഗാനില്‍ നിന്നുള്ള പിന്മാറ്റ സമയത്താണ് കുടുംബത്തോടൊപ്പം അമേരിക്കയിലെത്തിയത്.
മാര്‍ച്ച് 13-ന് രാവിലെ മക്കളെ സ്‌കൂളില്‍ വിടാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് റിച്ചാര്‍ഡ്‌സണിലെ അപ്പാര്‍ട്ട്മെന്റിന് മുന്നില്‍ വെച്ച് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലിരിക്കെ ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മാര്‍ച്ച് 14-ന് മരണം സംഭവിക്കുകയായിരുന്നു. മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഭാര്യയും 18 മാസം മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള ആറ് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു നസീര്‍.
നസീറിന്റെ മരണത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് കുടുംബവും മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. 2026-ല്‍ മാത്രം ഐ.സി.ഇ കസ്റ്റഡിയില്‍ മരിക്കുന്ന 12-ാമത്തെ വ്യക്തിയാണ് ഇദ്ദേഹം.