ഭവന നിർമ്മാണത്തിൽ റെക്കോർഡിട്ട് കാൽഗറി; ചരിത്രത്തിലാദ്യമായി ടൊറൻ്റോയെ പിന്നിലാക്കി

By: 600110 On: Mar 17, 2026, 9:53 AM

കാനഡയിലെ ഭവന നിർമ്മാണ മേഖലയിൽ വൻ കുതിച്ചുചാട്ടവുമായി കാൽഗറി നഗരം. ചരിത്രത്തിലാദ്യമായി പുതിയ വീടുകളുടെ നിർമ്മാണത്തിൽ കാൽഗറി ടൊറൻ്റോയെ മറികടന്നതായി കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. 

തുടർച്ചയായ നാലാം വർഷമാണ് കാൽഗറി ഈ മേഖലയിൽ റെക്കോർഡ് വളർച്ച രേഖപ്പെടുത്തുന്നത്. ജനസംഖ്യാ വളർച്ചയിൽ നേരിയ കുറവുണ്ടായെങ്കിലും, ഭാവിയിലെ വർദ്ധിച്ചുവരുന്ന ആവശ്യം മുന്നിൽക്കണ്ട് നിക്ഷേപകരും ഡെവലപ്പർമാരും നിർമ്മാണ പ്രവർത്തനങ്ങളുമായി സജീവമായി മുന്നോട്ട് പോവുകയാണ്. സർക്കാരിൻ്റെ പുതിയ നയങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും ഈ കുതിപ്പിന് വലിയ കരുത്ത് പകർന്നു.

വാടക വീടുകളുടെ നിർമ്മാണത്തിലാണ് ഏറ്റവും വലിയ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് വാടക അപ്പാർട്ട്‌മെൻ്റുകളുടെ നിർമ്മാണത്തിൽ 75 ശതമാനത്തിൻ്റെ വർദ്ധനവുണ്ടായി. എന്നാൽ സ്വന്തമായി വാങ്ങാവുന്ന കോണ്ടോമിനിയം അപ്പാർട്ട്‌മെൻ്റുകളുടെ നിർമ്മാണത്തിൽ 11 ശതമാനത്തിൻ്റെ ഇടിവുണ്ടായി. ഇത് വിപണി വാടക വീടുകളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൻ്റെ സൂചനയാണ്.

ടൗൺ ഹൗസുകളും റോ-സ്റ്റൈൽ വീടുകളും ഉൾപ്പെടുന്ന മീഡിയം ഡെൻസിറ്റി പാർപ്പിടങ്ങൾക്കും വലിയ പ്രാധാന്യം ലഭിച്ചു. പുതിയ വീടുകളിൽ മൂന്നിൽ രണ്ട് ഭാഗവും ഇത്തരത്തിലുള്ളവയാണ്. അതേസമയം, പുതിയ നിർമ്മാണങ്ങൾ വൻതോതിൽ തുടങ്ങുന്നുണ്ടെങ്കിലും അവ പൂർത്തിയാക്കുന്നതിൽ മുൻവർഷത്തെ അപേക്ഷിച്ച് 10 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ വൻതോതിൽ നടക്കുന്നത് പണികൾ പൂർത്തിയാക്കാൻ കൂടുതൽ സമയമെടുക്കാൻ കാരണമാകുമെന്ന് സി.എം.എച്ച്.സി മുന്നറിയിപ്പ് നൽകുന്നു. വരും വർഷങ്ങളിലും കാൽഗറിയിലെ ഭവന വിപണി അതീവ സജീവമായി തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.