പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി: വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സിന് സ്തനാര്‍ബുദം സ്ഥിരീകരിച്ചു. അമേരിക്കന്‍ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സിന് സ്തനാര്‍ബുദം സ്ഥിരീകരിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. രോഗം പ്രാരംഭ ഘട്ടത്തിലാണെന്നും വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴി വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ് രോഗം സ്ഥിരീകരിച്ചതെന്ന് 68-കാരിയായ സൂസി വൈല്‍സ് അറിയിച്ചു. രോഗം നേരത്തെ കണ്ടെത്താനായതിനാല്‍ ഭേദമാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ചികിത്സാ കാലയളവിലും സൂസി വൈല്‍സ് വൈറ്റ് ഹൗസില്‍ തന്റെ ഔദ്യോഗിക ചുമതലകളില്‍ തുടരും. തന്റെ ജോലിയില്‍ അവര്‍ കാണിക്കുന്ന അര്‍പ്പണബോധത്തെ പ്രസിഡന്റ് ട്രംപ് പ്രശംസിച്ചു.
സ്തനാര്‍ബുദ അവബോധത്തിന്റെ നിറമായ പിങ്ക് നിറത്തിലുള്ള ബ്ലേസര്‍ ധരിച്ചാണ് അവര്‍ പ്രഖ്യാപനത്തിന് പിന്നാലെ വൈറ്റ് ഹൗസിലെ ചടങ്ങില്‍ പങ്കെടുത്തത്. ട്രംപിന്റെ ഏറ്റവും വിശ്വസ്തരായ ഉപദേശകരില്‍ ഒരാളായാണ് സൂസി വൈല്‍സ് അറിയപ്പെടുന്നത്.
ട്രംപിന്റെ 2024-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയ സൂസി വൈല്‍സ്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ്.