കുഞ്ഞിനെ പട്ടിണിക്കിടുകയും ചവിട്ടുകയും പരിഹസിക്കുകയും അസഭ്യം പറയുകയും ചെയ്ത ബേബി സിറ്റര്‍ക്ക് ജയില്‍ ശിക്ഷ

By: 600002 On: Mar 17, 2026, 9:36 AM


 

പി പി ചെറിയാന്‍ 

വിര്‍ജീനിയ: കുഞ്ഞിനോട് ക്രൂരത കാട്ടിയ ബേബി സിറ്റര്‍ക്ക് ജയില്‍ ശിക്ഷ അമേരിക്കയിലെ വിര്‍ജീനിയയില്‍ താന്‍ പരിചരിച്ചിരുന്ന ഒന്നര വയസ്സുകാരിയോട് അതിക്രൂരമായി പെരുമാറിയ ബേബി സിറ്റര്‍ക്ക് കോടതി ശിക്ഷ വിധിച്ചു. 21 വയസ്സുകാരിയായ കാര്‍ലി റേ വെബ്ബ്  എന്ന യുവതിയെയാണ് 12 മാസത്തെ ജയില്‍ ശിക്ഷയ്ക്കും മൂന്ന് മാസത്തെ പ്രൊബേഷനും വിധിച്ചത്.

19 മാസം പ്രായമുള്ള കുഞ്ഞിനെ 21 മണിക്കൂര്‍ വരെ ഭക്ഷണവും വെള്ളവും നല്‍കാതെ പട്ടിണിക്കിടുകയും, 9 മണിക്കൂര്‍ തുടര്‍ച്ചയായി തൊട്ടിലില്‍ ഉപേക്ഷിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.

കുഞ്ഞിന്റെ മുഖത്ത് അടിക്കുക, കളിത്തോക്ക് ഉപയോഗിച്ച് വെടിവെക്കുന്നത് പോലെ അഭിനയിച്ച് ഭയപ്പെടുത്തുക, പെട്ടിയിലടയ്ക്കുക തുടങ്ങിയ വിചിത്രവും ക്രൂരവുമായ പ്രവര്‍ത്തികള്‍ ഇവര്‍ ചെയ്തിരുന്നു.

കുഞ്ഞിന്റെ മുഖത്ത് നോക്കി ആക്രോശിക്കുകയും മോശം വാക്കുകള്‍ വിളിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

കുടുംബത്തിന്റെ അടുത്ത സുഹൃത്തായിരുന്നു കാര്‍ലി. താന്‍ വിശ്വസിച്ച ഒരാളില്‍ നിന്നുണ്ടായ ഈ ചതി ഒരു 'ഉണരാത്ത സ്വപ്നം' പോലെയാണെന്ന് കുഞ്ഞിന്റെ അമ്മ കോടതിയില്‍ പറഞ്ഞു.

കുട്ടിക്ക് നേരെയുള്ള അതിക്രമം ഉള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്ക് ശിക്ഷ നല്‍കിയത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇവര്‍ നിരീക്ഷണത്തിലായിരിക്കും.