റമദാൻ പ്രമാണിച്ച് സ്കൂൾ കഫറ്റീരിയയിൽ പ്രത്യേക നിയന്ത്രണം; കാൽഗറിയിൽ വിവാദം പുകയുന്നു

By: 600110 On: Mar 17, 2026, 9:20 AM

റമദാൻ മാസത്തിൽ വ്രതമനുഷ്ഠിക്കുന്ന മുസ്ലിം വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് സ്കൂൾ കഫറ്റീരിയയിൽ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണം കാനഡയിലെ കാൽഗറിയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. നഗരത്തിലെ ഫെയർവ്യൂ സ്കൂളാണ് തങ്ങളുടെ കഫറ്റീരിയയുടെ ഒരു ഭാഗം നോ ഫുഡ് സ്പേസ് ആയി പ്രഖ്യാപിച്ചത്.

സ്കൂളിലെ നാല് മുതൽ ആറ് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് ഈ നിയമം ബാധകമാക്കിയത്. ഉച്ചഭക്ഷണ സമയത്തിൻ്റെ ആദ്യ പകുതിയിൽ, നോമ്പെടുക്കുന്ന കുട്ടികൾക്ക് ഭക്ഷണത്തിൻ്റെ സാന്നിധ്യമില്ലാത്ത ശാന്തമായ ഒരിടം ഒരുക്കുക എന്നതായിരുന്നു സ്കൂൾ അധികൃതരുടെ ലക്ഷ്യം. എന്നാൽ ഈ തീരുമാനം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ ഉയർന്നു.

മതപരമായ ആചാരങ്ങളോടുള്ള ബഹുമാനമാണ് ഇതെന്നും എല്ലാത്തിനെയും ഉൾക്കൊള്ളുന്നതിൻ്റെ നല്ല മാതൃകയാണെന്നും ഒരു വിഭാഗം വാദിച്ചു. എന്നാൽ, നോമ്പെടുക്കാത്ത കുട്ടികളോട് കാണിക്കുന്ന വിവേചനമാണിതെന്ന് ചൂണ്ടിക്കാട്ടി മറ്റു ചിലർ ഇതിനെ ശക്തമായി എതിർത്തു. സ്കൂളിൽ ഭക്ഷണം നിരോധിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങളും ഇതോടെ വ്യാപകമായി.

വിവാദം കൊഴുത്തതോടെ വിശദീകരണവുമായി കാൽഗറി ബോർഡ് ഓഫ് എഡ്യൂക്കേഷൻ  രംഗത്തെത്തി. സ്കൂളിൽ ഒരിടത്തും ഭക്ഷണം നിരോധിച്ചിട്ടില്ലെന്നും, കഫറ്റീരിയയുടെ ഒരു ഭാഗം മാത്രമാണ് താൽക്കാലികമായി മാറ്റിവെച്ചതെന്നും അധികൃതർ വ്യക്തമാക്കി. കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ സ്കൂളിൽ മറ്റ് സ്ഥലങ്ങൾ ലഭ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.