ടൊറൻ്റോ വിമാനത്താവളത്തിൽ ഈജിപ്തിൽ നിന്നെത്തിയ യാത്രക്കാരൻ്റെ ബാഗേജിൽ നിന്ന് വൻതോതിൽ ഇറച്ചി പിടികൂടി

By: 600110 On: Mar 17, 2026, 9:17 AM

 

കാനഡയിലെ ടൊറൻ്റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രരൻ്റെ ബാഗേജിൽ നിന്ന് വൻതോതിൽ പച്ചയിറച്ചി പിടികൂടി. ഈജിപ്തിൽ നിന്നെത്തിയ യാത്രക്കാരൻ്റെ പക്കൽ നിന്നാണ് 22 കിലോയോളം ഇറച്ചി കനേഡിയൻ ബോർഡർ സർവീസസ് ഏജൻസി (CBSA) പിടിച്ചെടുത്തത്.

അതിർത്തി രക്ഷാ സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച 'ധർള' എന്ന ഡിറ്റക്ടർ നായയാണ് ബാഗേജിലെ ഇറച്ചി മണംപിടിച്ച് കണ്ടെത്തിയത്. താറാവ്, പ്രാവ്, കോഴി, മുയൽ എന്നിവയുടെ ഇറച്ചിയാണ് ബാഗിലുണ്ടായിരുന്നത്. പതിവ് പരിശോധനയ്ക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ ബാഗ് തുറന്നു പരിശോധിച്ചപ്പോഴാണ് മാംസശേഖരം കണ്ടെത്തിയത്. പിടിച്ചെടുത്ത വസ്തുക്കൾക്കൊപ്പം നിൽക്കുന്ന ധർളയുടെ ചിത്രം സി.ബി.എസ്.എ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

കാനഡയിലേക്ക് വരുന്ന യാത്രക്കാർ ഭക്ഷണസാധനങ്ങൾ, സസ്യങ്ങൾ, മൃഗ ഉൽപ്പന്നങ്ങൾ എന്നിവ കൈവശമുണ്ടെങ്കിൽ അത് നിർബന്ധമായും കസ്റ്റംസിൽ വെളിപ്പെടുത്തണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. രാജ്യത്തെ കാർഷിക മേഖലയെയും പരിസ്ഥിതിയെയും ബാധിച്ചേക്കാവുന്ന രോഗങ്ങളും കീടങ്ങളും പടരുന്നത് തടയാനാണ് ഇത്തരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

വിമാനത്താവളത്തിൽ എത്തിയപ്പോൾ കൈവശമുള്ള സാധനങ്ങളെക്കുറിച്ച് യാത്രക്കാരൻ കൃത്യമായ വിവരം നൽകിയിരുന്നില്ല. തുടർന്ന് ഉദ്യോഗസ്ഥർ മാംസം ഉടൻ തന്നെ കണ്ടുകെട്ടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും സി.ബി.എസ്.എ അറിയിച്ചു.