പി പി ചെറിയാന്‍
ഫ്‌ലോറിഡ: മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ജോഷ്വ റൂലോഫ്സിന് (37) കോടതി 32 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഫ്‌ലോറിഡയിലെ ടാമ്പയിലാണ് വിധി പ്രസ്താവിച്ചത്.
2022 ഏപ്രിലില്‍ ഫ്‌ലോറിഡയിലെ കോര്‍ട്ട്‌നി കാംബെല്‍ കോസ്വേയിലാണ് സംഭവം നടന്നത്. റൂലോഫ്സ് ഓടിച്ചിരുന്ന സ്‌പോര്‍ട്‌സ് കാര്‍ ഒരു എസ്യുവിക്ക് പിന്നിലിടിക്കുകയും, എസ്യുവിയിലുണ്ടായിരുന്ന ക്രിസ് കൊറോളി, റിക്കി ഗോംഗോറ എന്നിവര്‍ മരിക്കുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
അപകടസമയത്ത് റൂലോഫ്സ് മണിക്കൂറില്‍ 100 മൈലിലധികം വേഗതയിലാണ് വണ്ടി ഓടിച്ചിരുന്നതെന്ന് കണ്ടെത്തി. അദ്ദേഹത്തിന്റെ രക്തത്തിലെ മദ്യത്തിന്റെ അളവ് അനുവദനീയമായ പരിധിയിലും ഇരട്ടിയിലധികമായിരുന്നു.
കേസിന്റെ വിചാരണ നടക്കാനിരിക്കെ ജാമ്യത്തിലിറങ്ങിയ റൂലോഫ്സ് കൊളംബിയയിലേക്ക് കടന്നുകളഞ്ഞു. പിന്നീട് യുഎസ് മാര്‍ഷല്‍സ് നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടി തിരികെ എത്തിച്ചത്.
ഹില്‍സ്ബറോ സര്‍ക്യൂട്ട് ജഡ്ജി ജി. ഗ്രിഗറി ഗ്രീന്‍ ആണ് ശിക്ഷ വിധിച്ചത്. പ്രതി ഒരു മുന്‍ നിയമപാലകനായതിനാല്‍ ജയിലില്‍ കഠിനമായ സാഹചര്യങ്ങള്‍ നേരിടേണ്ടി വരുമെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. താന്‍ മദ്യപിച്ചിരുന്നില്ലെന്നും ക്ഷീണം കാരണം ഉറങ്ങിപ്പോയതാണെന്നും റൂലോഫ്സ് വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.
'നിങ്ങള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഒരു വൃദ്ധനായിരിക്കും. ഇനിയൊരിക്കലും ഇത്തരം ഒരു സാഹചര്യം ഉണ്ടാക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.' - ജഡ്ജി ജി. ഗ്രിഗറി ഗ്രീന്‍ പറഞ്ഞു.