ക്യൂബയില്‍ മാറ്റം ഉടന്‍; 'രാജ്യത്തെ ഏറ്റെടുക്കാന്‍ എനിക്ക് സാധിക്കും': ഡൊണാള്‍ഡ് ട്രംപ്

By: 600002 On: Mar 17, 2026, 8:59 AM



 


പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡിസി: ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനത്തിന്റെ വക്കിലാണെന്നും രാജ്യം ഉടന്‍ വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ക്യൂബയിലുടനീളം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട സാഹചര്യത്തിലാണ് ട്രംപിന്റെ ഈ നിര്‍ണ്ണായക പരാമര്‍ശം.

'ക്യൂബ അതിന്റെ അവസാനം കാണുകയാണ്' എന്ന് വിശേഷിപ്പിച്ച ട്രംപ്, രാജ്യത്തെ 'ഏറ്റെടുക്കാനുള്ള' (Taking Cuba) ബഹുമതി തനിക്ക് ലഭിക്കുമെന്ന് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ക്യൂബയെ സ്വതന്ത്രമാക്കാനോ ഏറ്റെടുക്കാനോ തനിക്ക് സാധിക്കുമെന്നും, നിലവില്‍ അവര്‍ അങ്ങേയറ്റം ദുര്‍ബലമായ അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെനസ്വേലയില്‍ നിന്നുള്ള ഇന്ധന സഹായം യുഎസ് ഇടപെടലിലൂടെ തടഞ്ഞതാണ് ക്യൂബയെ ഇത്ര വലിയ പ്രതിസന്ധിയിലാക്കിയത്.

കഴിഞ്ഞ വെള്ളിയാഴ്ച ക്യൂബയെ 'സൗഹൃദപരമായി ഏറ്റെടുക്കുന്നതിനെക്കുറിച്ച്' (Friendly takeover) സംസാരിച്ച ട്രംപ്, ഇപ്പോള്‍ കുറച്ചുകൂടി കര്‍ക്കശമായ നിലപാടിലേക്കാണ് മാറിയിരിക്കുന്നത്.

'വെനസ്വേലയില്‍ നിന്നുള്ള എണ്ണയും പണവും പൂര്‍ണ്ണമായും തടഞ്ഞത് എന്റെ ഇടപെടലിലൂടെയാണ്. അതുകൊണ്ടാണ് അവര്‍ ഇപ്പോള്‍ ഈ പ്രതിസന്ധി നേരിടുന്നത്.' - ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.