കാനഡയിലെ വിൻസർ മേഖലയിൽ ഖലിസ്ഥാൻ പ്രസ്ഥാനത്തിൻ്റെ കടുത്ത വിമർശകയായിരുന്ന നാൻസി ഗ്രെവാൾ കുത്തേറ്റ് മരിച്ച സംഭവത്തിൽ നിർണ്ണായകമായ സിസിടിവി ദൃശ്യങ്ങൾ ഒൻ്റാരിയോ പോലീസ് പുറത്തുവിട്ടു. ഈ മാസം ആദ്യം നടന്ന കൊലപാതകത്തിന് മാസങ്ങൾക്ക് മുൻപ്, നാൻസിയുടെ വീടിന് നേരെ ബോധപൂർവം തീയിടാൻ ശ്രമം നടന്നതായാണ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.
2025 നവംബറിൽ നടന്ന ഈ സംഭവത്തിൽ, ഒരു വാനിലെത്തിയ വ്യക്തി നാൻസിയുടെ വീടിൻ്റെ മുൻവശത്ത് ഇന്ധനം ഒഴിച്ച് തീ കൊളുത്തുന്നത് ദൃശ്യങ്ങളിലുണ്ട്. ഖലിസ്ഥാൻ പ്രസ്ഥാനത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ നിരന്തരം പ്രതികരിച്ചിരുന്ന നാൻസിയെ ലക്ഷ്യം വെച്ച് നടന്ന ആസൂത്രിതമായ നീക്കമാണിതെന്ന് പോലീസ് സംശയിക്കുന്നു.
2018-ൽ കാനഡയിലേക്ക് കുടിയേറിയ നാൻസി ഗ്രെവാൾ ഒരു പേഴ്സണൽ സപ്പോർട്ട് വർക്കറായി (PSW) ജോലി ചെയ്തു വരികയായിരുന്നു. മാർച്ച് 3-ന് ഒരു ക്ലയൻ്റിൻ്റെ വീട്ടിലെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അവർക്ക് നേരെ ആക്രമണമുണ്ടായത്. തൻ്റെ സഹോദരിയുടെ മരണം മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്നും സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾക്കെതിരെയുള്ള പ്രതികാരമാണെന്നും നാൻസിയുടെ സഹോദരി അലീഷ ആരോപിച്ചിരുന്നു.