ചികിത്സ കിട്ടാതെ മലയാളി മരിച്ച സംഭവം: അന്വേഷണ റിപ്പോർട്ട് വെറും പ്രഹസനമെന്ന് ഭാര്യ നിഹാരിക ശ്രീകുമാർ

By: 600110 On: Mar 16, 2026, 1:01 PM

എഡ്മൻ്റണിലെ ഗ്രേ നൺസ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ എട്ട് മണിക്കൂറോളം ചികിത്സയ്ക്കായി കാത്തിരുന്ന് മലയാളിയായ പ്രശാന്ത് ശ്രീകുമാർ മരിച്ച സംഭവത്തിൽ സർക്കാർ പുറത്തുവിട്ട റിപ്പോർട്ട് വെറും പ്രഹസനമാണെന്ന്  ഭാര്യ നിഹാരിക ശ്രീകുമാർ ആരോപിച്ചു. നെഞ്ചുവേദനയെത്തുടർന്ന് ചികിത്സ തേടിയ പ്രശാന്ത് 2025 ഡിസംബറിലാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം അക്യൂട്ട് കെയർ ആൽബർട്ട പുറത്തുവിട്ട 16 നിർദ്ദേശങ്ങളടങ്ങിയ റിപ്പോർട്ടിൽ പുതിയതായി ഒന്നുമില്ലെന്നും, ഇത്തരം കാര്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാമെന്നും അവർ സിറ്റി ന്യൂസിനോട് പറഞ്ഞു.

തൻ്റെ ഭർത്താവിൻ്റെ മരണം ഒഴിവാക്കാവുന്നതായിരുന്നുവെന്നും സിസ്റ്റത്തിൻ്റെെ പരാജയത്തിന് താനും മക്കളുമാണ് വില നൽകേണ്ടി വരുന്നതെന്നും നിഹാരിക കൂട്ടിച്ചേർത്തു. ആൽബർട്ടയിലെ എമർജൻസി വിഭാഗങ്ങളിലെ തിരക്കും ജീവനക്കാരുടെ കുറവുമാണ് മരണത്തിന് കാരണമായതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഇതിന് പരിഹാരമായി നിർദ്ദേശിച്ച കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ വ്യക്തതയില്ല. ട്രയാജ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണമെന്ന നിർദ്ദേശം നിലവിലുണ്ടെങ്കിലും ശമ്പളം, ഇൻഷുറൻസ് എന്നിവയുമായി ബന്ധപ്പെട്ട് ഡോക്ടർമാരും സർക്കാരും തമ്മിലുള്ള തർക്കം മൂലം ഇത് നീണ്ടുപോവുകയാണ്. അതേസമയം, സംഭവത്തിൽ സുതാര്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും ഒക്ടോബറിൽ ജഡ്ജിമാരുടെ നേതൃത്വത്തിൽ Fatality Inquiry നടക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ സർക്കാരിൻ്റെ ഈ വിശദീകരണങ്ങളിൽ  വിശ്വാസമില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നിഹാരിക വ്യക്തമാക്കി