കാൽഗറിയിൽ കാർ തകർത്ത് വൻ കവർച്ച: മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് മദ്യം വാങ്ങി

By: 600110 On: Mar 16, 2026, 12:51 PM

കാൽഗറിയിലെ എഡ്‌വർത്തി പാർക്കിൽ  നടക്കാനിറങ്ങിയ യുവതിയുടെ കാർ തകർത്ത് ക്രെഡിറ്റ് കാർഡുകളും തിരിച്ചറിയൽ രേഖകളും മോഷ്ടിച്ചു. മാർച്ച് മൂന്നിന് ആയിരുന്നു സംഭവം. കാസാൻഡ്ര ബുള്ളിസ് എന്ന യുവതിയുടെ കാറിൻ്റെ ചില്ല് തകർത്താണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. ക്രെഡിറ്റ് കാർഡുകൾക്ക് പുറമെ വിലപിടിപ്പുള്ള മരുന്നുകൾ, വാട്ടർ ബോട്ടിൽ എന്നിവയടങ്ങിയ ബാഗും സംഘം കവർന്നു.

മോഷണം നടന്ന ഉടൻ തന്നെ ഈ കാർഡുകൾ ഉപയോഗിച്ച് സമീപത്തെ രണ്ട് മദ്യശാലകളിൽ നിന്ന് എട്ടിലധികം വോഡ്ക കുപ്പികൾ മോഷ്ടാക്കൾ വാങ്ങിയതായി പോലീസ് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെയും അവർ ഉപയോഗിച്ച വാഹനത്തെയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് നിലവിൽ അന്വേഷണ ഉദ്യോഗസ്ഥർ. ഈ കവർച്ച മൂലം വലിയ സാമ്പത്തിക നഷ്ടമാണ് യുവതിക്കുണ്ടായിരിക്കുന്നത്. കാറിൻ്റെ ചില്ല് നന്നാക്കുന്നതിന് മാത്രം 1,400 ഡോളറോളം ചിലവ് വരുമെന്നും ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്തതിനാൽ ഈ തുക സ്വന്തം കൈയ്യിൽ നിന്ന് നൽകേണ്ടി വരുമെന്നും  കാസാൻഡ്ര പറഞ്ഞു. നഗരത്തിലെ പ്രശസ്തമായ ഈ പാർക്കിൽ പോലും സുരക്ഷാ ഭീഷണി നേരിടുന്നത് തന്നെ മാനസികമായി തളർത്തുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.