ആൽബർട്ടയിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുക കുത്തനെ കൂട്ടി

By: 600110 On: Mar 16, 2026, 12:43 PM

അശ്രദ്ധമായ ഡ്രൈവിംഗ് ഉൾപ്പെടെയുള്ള ഗതാഗത നിയമലംഘനങ്ങൾക്ക് കനത്ത പിഴ ഏർപ്പെടുത്തിക്കൊണ്ട് ആൽബർട്ട സർക്കാർ ഉത്തരവിറക്കി. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി മാർച്ച് 13 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ പരിഷ്കാരമനുസരിച്ച്, അമിതവേഗത, അപകടകരമായ ഡ്രൈവിംഗ്, റേസിംഗ് തുടങ്ങിയ കുറ്റകൃത്യങ്ങൾക്കുള്ള പിഴത്തുകയിൽ 50 ശതമാനം വരെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  മുൻപ് 567 ഡോളറായിരുന്ന അശ്രദ്ധമായ ഡ്രൈവിംഗിനുള്ള പിഴ ഇനിമുതൽ 852 ഡോളറായി ഉയരും. 2015-ന് ശേഷം ആദ്യമായാണ് ഇത്തരമൊരു വർധനവ് നടപ്പിലാക്കുന്നത് എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഡ്രൈവിംഗിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം പോലുള്ള ശ്രദ്ധതിരിക്കുന്ന പ്രവർത്തികൾക്കുള്ള  പിഴയിൽ 30 ശതമാനം വർധനവുണ്ട്. ഇതോടെ ഇത്തരം കുറ്റങ്ങൾക്കുള്ള കുറഞ്ഞ പിഴ 300 ഡോളറിൽ നിന്നും 390 ഡോളറായി ഉയർന്നു. പിഴത്തുക വർധിച്ചെങ്കിലും ഡിമെറിറ്റ് പോയിൻ്റുകളിൽ  നിലവിൽ മാറ്റമില്ല. എന്നാൽ, ഈ നിയമലംഘനങ്ങൾ ഇൻഷുറൻസ് പ്രീമിയം തുക വർധിക്കാൻ കാരണമാകുമെന്നും മൂന്ന് വർഷം വരെ ഇതിന്റെ ആഘാതം തുടരുമെന്നും ഇൻഷുറൻസ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കാൽനടയാത്രക്കാർക്കെതിരെയുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ റോഡ് സുരക്ഷ കർശനമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.