ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായമില്ലാതെ മനുഷ്യര്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കും നല്‍കുന്ന സേവനങ്ങള്‍ക്കും അംഗീകൃത ലേബല്‍ വികസിപ്പിക്കാന്‍ ആഗോള തലത്തില്‍ നീക്കം. എഐയ്‌ക്കെതിരെ വര്‍ധിച്ചുവരുന്ന പ്രതിഷേധത്തിന്റെ ഭാഗമാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. Proudly Human, Human-made, No AI തുടങ്ങിയ പ്രഖ്യാപനങ്ങള്‍ സിനിമകളിലും പുസ്തകങ്ങളിലും വെബ്‌സൈറ്റുകളിലും പ്രത്യക്ഷപ്പെടുന്നതിനിടെയാണിത്.
ആഗോള തലത്തില്‍ അംഗീകരിക്കപ്പെടുന്ന ഒരു ലേബല്‍ കണ്ടെത്താന്‍ പല സ്ഥാപനങ്ങളും കമ്പനികളും രംഗത്തുണ്ടെന്നാണ് വെളിപ്പെടുത്തല്‍. യുകെ, ഓസ്‌ട്രേലിയ, യുഎസ് എന്നിവടങ്ങളിലെ കമ്പനികളും ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളും ഉള്‍പ്പെടെയാണ് രംഗത്തുള്ളത്.