ഒൻ്റാരിയോയിൽ ജനവാസ മേഖലയിലെ സ്വകാര്യ പുരയിടത്തിൽ വളർത്തിയിരുന്ന രണ്ട് കുട്ടി കടുവകളെ അടിയന്തരമായി നീക്കം ചെയ്യാൻ അധികൃതരുടെ ഉത്തരവ്. ഒൻ്റാരിയോയിലെ വെയ്ൻഫ്ലീറ്റിൽ താമസിക്കുന്ന സോഹൈബ് മസൂദ് എന്നയാളുടെ വീട്ടിൽ വളർത്തിയിരുന്ന കടുവകൾ പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
മുൻപ് കൂൺ കൃഷി നടത്തിയിരുന്ന ഒരു ഫാം ഹൗസിലായിരുന്നു ജാഗർ, ആസ്പൻ എന്ന് പേരുള്ള ഈ കടുവകളെ വളർത്തിയിരുന്നത്. ഏകദേശം ഒരു വയസ്സ് പ്രായമുള്ള സങ്കരയിനം കടുവകളാണിവ. വന്യമൃഗങ്ങളെ വളർത്തുന്നതിനെതിരെയുള്ള നഗരസഭയുടെ ചട്ടങ്ങളിൽ ഇളവ് വേണമെന്ന് ഉടമ ആവശ്യപ്പെട്ടെങ്കിലും നഗരസഭ കൗൺസിൽ ഇത് കർശനമായി നിരസിച്ചു. മറ്റ് വീടുകൾക്ക് തൊട്ടടുത്ത് കടുവകളെ വളർത്തുന്നത് വലിയ അപകടസാധ്യതയുണ്ടാക്കുമെന്ന് മേയർ ബ്രയാൻ ഗ്രാന്റ് വ്യക്തമാക്കി. കടുവകൾ എങ്ങാനും പുറത്തുചാടിയാൽ അത്തരം അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ നഗരസഭയ്ക്കില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
താൻ കടുവകൾക്കായി മികച്ച സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഇവയെ സംരക്ഷിക്കുകയാണ് ചെയ്തതെന്നുമാണ് ഉടമ സോഹൈബ് മസൂദിന്റെ വാദം. എന്നാൽ സുരക്ഷാ മുൻകരുതൽ കണക്കിലെടുത്ത് തിങ്കളാഴ്ചയ്ക്കുള്ളിൽ ഇവയെ മാറ്റാൻ അധികൃതർ നിർദ്ദേശിക്കുകയായിരുന്നു. നിലവിൽ ഇവയെ അംഗീകൃതമായ മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. നഗരസഭയുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകാനാണ് ഉടമയുടെ തീരുമാനം. കാനഡയിൽ വന്യമൃഗങ്ങളെ വീടുകളിൽ വളർത്തുന്നതിനെക്കുറിച്ചുള്ള പുതിയ നിയമ ചർച്ചകൾക്ക് ഈ സംഭവം തുടക്കമിട്ടിട്ടുണ്ട്.