കാനഡയിലെ വാൾമാർട്ട് സ്റ്റോറിലെ ഓവനുള്ളിൽ 19-കാരിയായ ഗുർസിമ്രാൻ കൗർ മരിച്ച സംഭവത്തിൽ അധികൃതരുടെ വിശദീകരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കുടുംബം. മകൾ എങ്ങനെയാണ് മരിച്ചതെന്ന കാര്യത്തിൽ കൃത്യമായ വിവരങ്ങൾ നൽകാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ തൃപ്തരല്ലെന്നും കുടുംബം വ്യക്തമാക്കി.
സംഭവദിവസം മകളെ കാണാതായതിനെ തുടർന്ന് അമ്മ തന്നെയാണ് സ്റ്റോറിലെ ബേക്കറി വിഭാഗത്തിലെ വലിയ ഓവനുള്ളിൽ ഗുർസിമ്രാൻ്റെ മൃതദേഹം കണ്ടെത്തിയത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഇതൊരു കുറ്റകൃത്യമല്ലെന്നും മരണത്തിൽ അസ്വാഭാവികതയില്ലെന്നും പോലീസ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, സുരക്ഷാ സംവിധാനങ്ങളുള്ള ഓവനുള്ളിൽ മകൾ എങ്ങനെ കുടുങ്ങിയെന്നോ മരണം എങ്ങനെ സംഭവിച്ചെന്നോ ഉള്ള കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണെന്ന് കുടുംബം പറയുന്നു.
മരണകാരണത്തെക്കുറിച്ച് വ്യക്തമായ തെളിവുകളോ വിവരങ്ങളോ നൽകാതെ കേസ് അവസാനിപ്പിക്കുന്നതിനെതിരെയാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ നോവ സ്കോട്ടിയ തൊഴിൽ വകുപ്പ് നടത്തിയ അന്വേഷണത്തിലും സുരക്ഷാ വീഴ്ചകൾ കണ്ടെത്താനായിരുന്നില്ല. എന്നാൽ ഈ റിപ്പോർട്ടുകളൊന്നും തങ്ങളെ ബോധ്യപ്പെടുത്തുന്നതല്ലെന്നും നീതിക്കായി പോരാട്ടം തുടരുമെന്നും ഗുർസിമ്രാന്റെ കുടുംബം അറിയിച്ചു.