ഡാളസില്‍ ചരിത്രം കുറിച്ചു കേരള അസോസിയേഷന്റെ പ്രഥമ 'മീഡിയ & ബിസിനസ് ഫോറം' സമാപിച്ചു

By: 600002 On: Mar 16, 2026, 9:23 AM



 

പി. പി. ചെറിയാന്‍

ഗാര്‍ലാന്‍ഡ്(ടെക്‌സസ്): നോര്‍ത്ത് അമേരിക്കയിലെ മലയാളി പ്രവാസി സമൂഹത്തിന് പുതിയ ദിശാബോധം നല്‍കിക്കൊണ്ട് കേരള അസോസിയേഷന്‍ ഓഫ് ഡാലസ് സംഘടിപ്പിച്ച പ്രഥമ 'മീഡിയ & ബിസിനസ് ഫോറം' ആവേശകരമായ പങ്കാളിത്തത്തോടെ സമാപിച്ചു. ഞായറാഴ്ച വൈകുന്നേരം ഗാര്‍ലാന്‍ഡ് ബ്രോഡ്വേ ബുളവാര്‍ഡിലെ ഐ.സി.ഇ.സി ബാങ്ക്വറ്റ് ഹാളില്‍ നടന്ന സംഗമം, മാധ്യമ പ്രവര്‍ത്തകരെയും ബിസിനസ് സംരംഭകരെയും ഒരുപോലെ അണിനിരത്തി പുതിയൊരു ചര്‍ച്ചാ സംസ്‌കാരത്തിന് തുടക്കമിട്ടു.

കേരള അസോസിയേഷന്‍ ഓഫ് ഡാലസ് പ്രസിഡന്റ് ഷിജു എബ്രഹാം സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മാധ്യമ സംഘടനകളായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക , ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് , ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ്  എന്നീ സംഘടനകളുടെ ഭാരവാഹികളെയും പ്രതിനിധികളെയും ഒരേ വേദിയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ടെന്ന് അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

ജാതിമത രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി പ്രവാസി മലയാളികളെ ഒരുമിച്ച് നിര്‍ത്താനും, സമൂഹത്തിന്റെ വളര്‍ച്ചയില്‍ മാധ്യമങ്ങള്‍ക്കും ബിസിനസ് സംരംഭകര്‍ക്കും എന്ത് പങ്കുവഹിക്കാനാകും എന്നതിനെക്കുറിച്ചും ഫോറം ഗൗരവകരമായ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കി.

സാമൂഹിക ശാക്തീകരണത്തിന്റെ ഭാഗമായി  അസോസിയേഷന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളെ എങ്ങനെ കൂടുതല്‍ വിപുലീകരിക്കാം എന്നതിനെക്കുറിച്ച് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ഫോറത്തില്‍ ഉയര്‍ന്നു വന്നു. പുതിയ ആശയങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവെക്കാനായി സംഘടിപ്പിച്ച സെഷനില്‍ സദസ്സില്‍ നിന്നുള്ളവര്‍ സജീവമായി പങ്കെടുത്തു.

ബിസിനസ്-മീഡിയ സഹകരണം: ബിസിനസ് മേഖലയിലുള്ളവര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പരസ്പരം സഹകരിച്ച് എങ്ങനെ മുന്നേറാം എന്നതിനെക്കുറിച്ചുള്ള പ്രായോഗികമായ കാഴ്ചപ്പാടുകള്‍ നേതാക്കള്‍ പങ്കുവെച്ചു.

സണ്ണി മാളിയേക്കല്‍ (ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ്),സ്റ്റാര്‍ലൈന്‍  സജി, ജോസ് പ്ലാക്കാട്ട് ,സുധ ജോസ്  ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക),പട്രീഷ്യ ഉമാ ശങ്കര്‍ (ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് . പി പി. ചെറിയാന്‍ (ഡി. മലയാളി),സജി സെബാസ്റ്റ്യന്‍ (ഏഷ്യാനെറ്റ്),മാത്യു നൈനാന്‍ (പ്രസിഡന്റ്,ഐ സി ഇ സി  ,ജിജി പി. സ്‌കറിയ (യൂട്യൂബര്‍),സുകു വര്‍ഗീസ് (വേള്‍ഡ് മലയാളി കൗണ്‍സില്‍ മെമ്പര്‍) തുടെങ്ങി  സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു:

ഇവര്‍ക്ക് പുറമെ രാജന്‍ ചിറ്റാര്‍ (മുന്‍ ഭാരവാഹി)., സിജു വി. ജോര്‍ജ്, ബെന്നി ജോണ്‍, കോശി പണിക്കര്‍, ജോര്‍ജ് ജോസഫ് വിലങ്ങോലില്‍, അനശ്വര്‍ മാമ്പിള്ളി, തോമസ് ചിറമേല്‍, അലക്‌സ് അലക്‌സാണ്ടര്‍, സിജു കൈനിക്കര തുടങ്ങിയവരും വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു.

'നമ്മുടെ സമൂഹത്തിന്റെ ഐക്യത്തിനും വളര്‍ച്ചയ്ക്കും ഇത്തരം കൂട്ടായ്മകള്‍ അത്യന്താപേക്ഷിതമാണ്. ഡാലസിലെ മലയാളികള്‍ക്കിടയില്‍ ഒരു പുതിയ മാറ്റത്തിന് ഈ ഫോറം തുടക്കമിടും,' എന്ന് കേരള അസോസിയേഷന്‍ ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഡാലസിലെ വരുംകാല സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് വലിയൊരു ഊര്‍ജ്ജം പകര്‍ന്നു നല്‍കിയാണ് ഈ ഒത്തുചേരല്‍ അവസാനിച്ചതെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി രേഖപ്പെടുത്തികൊണ്ട് കേരള അസോസിയേഷന്‍ ഓഫ് ഡാലസ് കമ്മിറ്റി സെക്രട്ടറി മന്‍ജിത് കൈനിക്കര പറഞ്ഞു .