കാനഡയുടെ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയേകി ഫെബ്രുവരി മാസത്തിൽ 84,000 തൊഴിലുകൾ നഷ്ടപ്പെട്ടതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായി ഉയർന്നു. ജനുവരിയിൽ ഇത് 6.5 ശതമാനമായിരുന്നു. ഫുൾ ടൈം ജോലികളിലാണ് വലിയ ഇടിവുണ്ടായിരിക്കുന്നത്. ഏകദേശം ഒരു ലക്ഷത്തിലധികം സ്ഥിര ജോലികൾ ഇല്ലാതായപ്പോൾ സ്വകാര്യ മേഖലയിൽ മാത്രം 73,000 പേർക്ക് തൊഴിൽ നഷ്ടമായി. 10,000 പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകളെ പാടെ തെറ്റിച്ചുകൊണ്ടാണ് ഈ തകർച്ചയുണ്ടായിരിക്കുന്നത്.
അമേരിക്കയുമായുള്ള വ്യാപാര യുദ്ധം, ഉയർന്ന ഇറക്കുമതി തീരുവകൾ, ഇറാൻ യുദ്ധം മൂലമുണ്ടായ ആഗോള അനിശ്ചിതത്വം എന്നിവ കനേഡിയൻ വിപണിയെ പ്രതികൂലമായി ബാധിച്ചുവെന്ന് വിദഗ്ധർ വിലയിരുത്തുന്നു. യുവാക്കളെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്; 15-നും 24-നും ഇടയിൽ പ്രായമുള്ള 47,000 പേർക്ക് തൊഴിൽ നഷ്ടപ്പെടുകയും ഈ വിഭാഗത്തിലെ തൊഴിലില്ലായ്മ നിരക്ക് 14.1 ശതമാനമായി ഉയരുകയും ചെയ്തു. റീട്ടെയിൽ, ഹോൾസെയിൽ മേഖലകളിലും വൻ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. വരും മാസങ്ങളിലും വിപണിയിൽ സമാനമായ വെല്ലുവിളികൾ തുടരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ മുന്നറിയിപ്പ്.