ബാബു പി സൈമണ്‍,ഡാളസ്
'യേശുവോട് ചേര്‍ന്നിരിപ്പതു എത്ര മോദമേ, യേശുവിനായ് ജീവിക്കുന്നത് എത്ര ഭാഗ്യമേ...'
സന്ധ്യാപ്രാര്‍ത്ഥനയില്‍ മുഴങ്ങിയ ആ ഗാനശകലത്തിന് അന്ന് പതിവിലും വലിയൊരു അര്‍ത്ഥവ്യാപ്തി തോന്നി. അമ്പതു നോമ്പിന്റെ വിശുദ്ധിയിലേക്ക് ചുവടുവെക്കുന്ന വിശ്വാസികള്‍, പ്രാര്‍ത്ഥനയുടെ മൗനം, കണ്ണുകളില്‍ തിളങ്ങുന്ന പ്രത്യാശഎല്ലാം ചേര്‍ന്ന് വലിയൊരു ആത്മീയ ഉണര്‍വിന്റെ സൂചന പോലെ തോന്നിപ്പിച്ചു.
സന്ധ്യാനമസ്‌കാരത്തിന് നിറഞ്ഞൊഴുകിയ ജനക്കൂട്ടം കണ്ടപ്പോള്‍ ഹൃദയം സന്തോഷിച്ചു. ഞായറാഴ്ച കുര്‍ബാനകളില്‍ പതിവായി കാണാത്ത ചില മുഖങ്ങള്‍, പതിവായി മിണ്ടാതിരുന്നവര്‍എല്ലാവരും പുഞ്ചിരിയോടെ, പരസ്പരം കൈകോര്‍ത്ത്, ഒരുമിച്ചുനിന്നു. പ്രാര്‍ത്ഥനാ ഭവനത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ ആ ദിവസങ്ങളില്‍ സ്‌നേഹത്തിന്റെ ഒരു പുതു ഭാഷ പിറന്നതുപോലെ തോന്നി.
നമസ്‌കാരത്തിന് ശേഷമുള്ള കഞ്ഞിയും പയറും വെറുമൊരു ആഹാരമായിരുന്നില്ല; അതൊരു സ്‌നേഹവിരുന്നായിരുന്നു. എന്നാല്‍ ആ വിരുന്നിലെ ചര്‍ച്ചകള്‍ക്ക് രണ്ട് തട്ടുകളുണ്ടായിരുന്നു. ഒരു വശത്ത് വചനപ്രസംഗത്തിന്റെ ആത്മീയ ആഴങ്ങളെങ്കില്‍, മറുവശത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ചൂടേറിയ വിശകലനങ്ങള്‍.
ദിവസങ്ങള്‍ കടന്നുപോയി. വീണ്ടും പ്രാര്‍ത്ഥനയ്‌ക്കെത്തിയപ്പോള്‍ കണ്ടത് മറ്റൊരവസ്ഥയായിരുന്നു. പൂരത്തിന്റെ കൊടിയിറങ്ങിയ മൈതാനം പോലെ ശാന്തമെങ്കിലും ആത്മീയതയുടെ ആവേശമില്ലാത്ത ഒരു ശൂന്യത അവിടെ നിഴലിച്ചു. വചനം വായിക്കാന്‍ ആര്‍ക്കും താല്പര്യമില്ല; പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എല്ലാവരും അന്യോന്യം നോക്കി തലകുനിച്ചിരിക്കുന്നു. ആ മൗനത്തിന് നിരാശയുടെ കൈപ്പായിരുന്നു.
അപ്പോഴാണ് ആ സത്യം തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട ആ സ്‌നേഹപ്രകടനങ്ങളും വചന വ്യാഖ്യാനങ്ങളും വെറും അഭിനയം മാത്രമായിരുന്നുവെന്ന്. സ്വന്തം താല്പര്യങ്ങള്‍ക്കായി അണിഞ്ഞ ആത്മീയ മുഖംമൂടികള്‍, ലക്ഷ്യം സാധിച്ചതോടെ അഴിഞ്ഞു വീണിരിക്കുന്നു. ജയിച്ചവരുടെ ഉള്ളില്‍ അമിതാവേശവും തോറ്റവരുടെ ഉള്ളില്‍ ദൈവത്തോടുള്ള പരിഭവവും നിറഞ്ഞപ്പോള്‍ പ്രാര്‍ത്ഥന വെറുമൊരു ചടങ്ങായി മാറി.
''മനുഷ്യര്‍ കാണേണ്ടതിനല്ല, നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് കാണേണ്ടതിനാണ് നിങ്ങള്‍ പ്രാര്‍ത്ഥിക്കേണ്ടത്'' എന്ന യേശുവിന്റെ വചനം ഇവിടെ ഓര്‍മ്മിക്കപ്പെടുന്നു. പുറംഭക്തിയുടെ പ്രദര്‍ശനം ആത്മീയതയ്ക്ക് പകരമാവില്ല. ദൈവസന്നിധിയില്‍ പ്രാര്‍ത്ഥനയുടെ വില അതിന്റെ സത്യസന്ധതയിലാണ്. അത് ഉള്ളിലെ സ്വാര്‍ത്ഥതയെയും അധികാരമോഹങ്ങളെയും വേഷപ്പകര്‍ച്ചകളെയും ക്രൂശിക്കലാണ്.
അമ്പതു നോമ്പ് എന്നത് ഭക്ഷണമുപേക്ഷിക്കല്‍ മാത്രമല്ല; അത് അഹന്തയെയും സ്വാര്‍ത്ഥലാഭങ്ങളെയും ഉപേക്ഷിക്കല്‍ കൂടിയാണ്. സ്വന്തം നേട്ടങ്ങള്‍ക്കായി ആത്മീയതയെ ഉപകരണമാക്കുമ്പോള്‍ അവിടെ ആത്മീയത പരാജയപ്പെടുകയും ലൗകികത വിജയിക്കുകയും ചെയ്യുന്നു. ജയപരാജയങ്ങള്‍ക്കപ്പുറം സഹോദരനെ സ്‌നേഹിക്കാനും ക്രിസ്തുവിന്റെ എളിമ ധരിക്കാനും കഴിയുമ്പോഴാണ് നമ്മുടെ നോമ്പ് അര്‍ത്ഥവത്താകുന്നത്.
കഴിഞ്ഞ ദിവസങ്ങളിലെ ആവേശം ഒരു 'മായ' ആയിരുന്നുവെങ്കില്‍, ഇന്നത്തെ ഈ മൗനം ഒരു വലിയ 'സത്യമാണ്'. നമ്മുടെ ഭക്തിയും സ്‌നേഹവും ലൗകികമായ നേട്ടങ്ങളെ മുന്‍നിര്‍ത്തിയുള്ളതാണെങ്കില്‍ അത് വെറും മണല്‍പ്പുറത്ത് പണിത വീടുപോലെയാണ്. മണല്‍പ്പുറത്ത് പണിത ഭക്തിയുടെ വീടുകള്‍ തകരുമ്പോള്‍, പാറമേല്‍ പണിത സത്യസന്ധമായ വിശ്വാസം മാത്രമേ അവശേഷിക്കൂ. ഈ ലോകത്തില്‍ കാണുന്നതെല്ലാം മായയാണെന്നും ദൈവത്തിന്റെ സ്‌നേഹം മാത്രമാണ് ശാശ്വതമെന്നും തിരിച്ചറിയുന്നിടത്ത് യഥാര്‍ത്ഥ നോമ്പ് ആരംഭിക്കുന്നു.