ഡാളസ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാള്‍ യുഎസ് പ്രതിനിധിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍

By: 600002 On: Mar 14, 2026, 9:44 AM



 


പി പി ചെറിയാന്‍

ഡാളസ്: ഡാളസ് പോലീസ് വെടിവെച്ചുകൊന്ന പിടികിട്ടാപ്പുള്ളി, യുഎസ് കോണ്‍ഗ്രസ് അംഗം ജാസ്മിന്‍ ക്രോക്കറ്റിന്റെ സുരക്ഷാ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണെന്ന് റിപ്പോര്‍ട്ടുകള്‍. വ്യാജപ്പേരുകളില്‍ സുരക്ഷാ ഏജന്‍സി നടത്തിവരികയായിരുന്നു ഇയാള്‍.

ബുധനാഴ്ച ഡാളസ് പോലീസിന്റെ സ്വാറ്റ് വിഭാഗവുമായുള്ള ഏറ്റുമുട്ടലിലാണ് 'മൈക്ക് കിംഗ്' എന്നറിയപ്പെടുന്നയാള്‍ കൊല്ലപ്പെട്ടത്. ആശുപത്രി പാര്‍ക്കിംഗ് ഏരിയയില്‍ ഒളിച്ചിരുന്ന ഇയാള്‍ പോലീസിന് നേരെ തോക്ക് ചൂണ്ടിയതിനെത്തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്.

പോലീസ് ഉദ്യോഗസ്ഥനായി ചമഞ്ഞതിനും വ്യാജരേഖകള്‍ ചമച്ചതിനും ഇയാള്‍ക്കെതിരെ വാറണ്ട് നിലവിലുണ്ടായിരുന്നു. 'ഓഫ് ഡ്യൂട്ടി പോലീസ് സര്‍വീസസ്' എന്ന പേരില്‍ ഒരു സുരക്ഷാ ഏജന്‍സി നടത്തിയിരുന്ന ഇയാള്‍, പോലീസുകാര്‍ക്ക് പാര്‍ട്ട് ടൈം ജോലികള്‍ നല്‍കുന്ന ഇടനിലക്കാരനായും പ്രവര്‍ത്തിച്ചിരുന്നു.

യുഎസ് ജനപ്രതിനിധി ജാസ്മിന്‍ ക്രോക്കറ്റിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിലും മറ്റ് പൊതുപരിപാടികളിലും ഇയാള്‍ സുരക്ഷാ ചുമതല വഹിച്ചിരുന്നതായി ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വരെ ഇയാള്‍ക്ക് സുരക്ഷാ സേവനത്തിന് പ്രതിഫലം നല്‍കിയതായും രേഖകള്‍ സൂചിപ്പിക്കുന്നു.

ഇയാള്‍ മോഷ്ടിച്ച നമ്പര്‍ പ്ലേറ്റുകളും വ്യാജ പോലീസ് വാഹനങ്ങളും ഉപയോഗിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാള്‍ എങ്ങനെ ഒരു ജനപ്രതിനിധിയുടെ സുരക്ഷാ വലയത്തില്‍ എത്തിയെന്നത് വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

നിലവില്‍ ജാസ്മിന്‍ ക്രോക്കറ്റിന്റെ ഓഫീസോ ഡാളസ് പോലീസോ ഈ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം നല്‍കാന്‍ തയ്യാറായിട്ടില്ല.