പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി:ഇറാനുമായുള്ള യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോള്‍ രാജ്യം അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനില്‍ വന്‍നാശനഷ്ടങ്ങളാണ് വരുത്തിയിരിക്കുന്നത്.
ഇറാനിലെ 15,000-ത്തിലധികം സൈനിക ലക്ഷ്യസ്ഥാനങ്ങള്‍ സഖ്യസേന തകര്‍ത്തു. ഇറാന്റെ മിസൈല്‍ ശേഖരത്തിന്റെ 90 ശതമാനവും ഡ്രോണ്‍ ശേഷിയുടെ 95 ശതമാനവും നശിപ്പിക്കപ്പെട്ടതായി പെന്റഗണ്‍ അറിയിച്ചു.
ഇറാന്റെ പരമോന്നത നേതാവ് മോജ്താബ ഖമേനിക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റതായും അദ്ദേഹം നിലവില്‍ ഭൂഗര്‍ഭ അറയില്‍ ഒളിവിലാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അവകാശപ്പെട്ടു.
ഇറാന്റെ പ്രതിരോധ കമ്പനികളെയും സൈനിക ഫാക്ടറികളെയും പൂര്‍ണ്ണമായി നശിപ്പിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. ഇറാന്‍ ഭരണകൂടത്തെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
യുദ്ധം കാരണം എണ്ണവില വര്‍ദ്ധിക്കുന്നത് തടയാന്‍ റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് മേലുള്ള ഉപരോധം കുറയ്ക്കാന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നുണ്ട്.
തലസ്ഥാനമായ ടെഹ്റാനില്‍ വന്‍ സ്‌ഫോടനങ്ങള്‍ തുടരുകയാണ്. ഇറാഖില്‍ യുഎസ് വിമാനം തകര്‍ന്ന് നാല് സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.