അന്യായമായ ആഗോള വ്യാപാര രീതി; ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ അന്വേഷണം

By: 600002 On: Mar 14, 2026, 9:01 AM



 

 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: അന്യായമായ ആഗോള വ്യാപാര രീതികളെക്കുറിച്ച് അമേരിക്ക നടത്തുന്ന പുതിയ അന്വേഷണ പരമ്പരയില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തി. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം സ്വീകരിച്ച ഈ നീക്കം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമായേക്കും.

ആഭ്യന്തര ആവശ്യത്തേക്കാള്‍ കൂടുതല്‍ സാധനങ്ങള്‍ ഉത്പാദിപ്പിച്ച് ആഗോള വിപണിയില്‍ എത്തിക്കുന്നത് വഴി അമേരിക്കന്‍ നിര്‍മ്മാണ മേഖലയ്ക്കും തൊഴിലവസരങ്ങള്‍ക്കും ഭീഷണിയുണ്ടാകുന്നു എന്നാണ് വാഷിംഗ്ടണിന്റെ ആരോപണം.1974-ലെ ട്രേഡ് ആക്ട് പ്രകാരമുള്ള 'സെക്ഷന്‍ 301' ഉപയോഗിച്ചാണ് ഈ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയെ കൂടാതെ ചൈന, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങളും ഈ അന്വേഷണ പരിധിയില്‍ വരുന്നുണ്ട്.

വ്യാപാരത്തില്‍ അന്യായമായ സബ്സിഡികളോ സര്‍ക്കാര്‍ ഇടപെടലുകളോ കണ്ടെത്തുകയാണെങ്കില്‍ പുതിയ ഇറക്കുമതി തീരുവകള്‍ (Duties) ഏര്‍പ്പെടുത്താന്‍ അമേരിക്ക തയ്യാറെടുക്കുകയാണ്.

2026-ന്റെ മൂന്നാം പാദത്തോടു കൂടി പുതിയ നികുതി ഘടന നിലവില്‍ വരുത്താനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. കൂടാതെ, നിര്‍ബന്ധിത തൊഴില്‍  ഉപയോഗിക്കുന്നതിനെക്കുറിച്ച് ഏകദേശം 60 രാജ്യങ്ങള്‍ക്കെതിരെ മറ്റൊരു വിപുലമായ അന്വേഷണം കൂടി ഉടന്‍ ആരംഭിക്കുമെന്നും സൂചനയുണ്ട്.