കാനഡയിൽ ഭക്ഷണസാധനങ്ങളുടെ വില കുതിച്ചുയരുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്നു. ആഗോളതലത്തിലെ സാമ്പത്തിക അസ്ഥിരതകളും ഇന്ധനവിലയിലെ പെട്ടെന്നുള്ള മാറ്റങ്ങളുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ധനവിലവർധനയാണ് വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളിനൊന്ന്. ക്രൂഡ് ഓയിൽ വില വെറും മൂന്ന് ദിവസത്തിനുള്ളിൽ 78 ഡോളറിൽ നിന്ന് 95 ഡോളറായി ഉയർന്നത് കനത്ത ആഘാതമുണ്ടാക്കിയിട്ടുണ്ട്. കൃഷിക്ക് ആവശ്യമായ യന്ത്രങ്ങൾക്കും വളത്തിനും ഇന്ധനം അത്യാവശ്യമായതിനാൽ, ഊർജ്ജലഭ്യതയിലുണ്ടാകുന്ന മാറ്റങ്ങൾ ഭക്ഷണവിലയെ നേരിട്ട് ബാധിക്കുന്നുണ്ട്.
കാനഡയിലെ ഫെഡറൽ കാർബൺ ടാക്സ് കർഷകർക്കും ചരക്ക് നീക്കത്തിനും അധിക ബാധ്യതയുണ്ടാക്കുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധനായ സിൽവെയ്ൻ ചാർലെബോയിസ് അഭിപ്രായപ്പെടുന്നു. ഇത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കാനഡയിൽ കൂടുതൽ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. പ്രവിശ്യകൾക്കിടയിലുള്ള വ്യാപാര നിയന്ത്രണങ്ങളും പാലിനും മുട്ടയ്ക്കും മറ്റുമുള്ള സപ്ലൈ മാനേജ്മെൻ്റ് നിയമങ്ങളും ഭക്ഷണവിതരണ ശൃംഖലയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ പണം നൽകേണ്ട സാഹചര്യമുണ്ടാക്കുന്നു. ഇപ്പോഴുണ്ടായതുപോലെയുള്ള പെട്ടെന്നുള്ള ഇന്ധനവില വർദ്ധനവ് താങ്ങാൻ കഴിയുന്ന നിലയില്ല വിപണിയെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ ഭക്ഷണ നയങ്ങളിൽ മാറ്റങ്ങൾ ഉണ്ടായില്ലെങ്കിൽ കാനഡയിലെ ജനങ്ങൾക്ക് ഇനിയും വലിയ തുക പലചരക്ക് ബില്ലുകൾക്കായി നീക്കിവെക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.