കാനഡയുടെ പൗരത്വ പരീക്ഷാ നിയമങ്ങളിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഇമിഗ്രേഷൻ വിഭാഗം (IRCC) ഉത്തരവിറക്കി. പുതിയ പരിഷ്കാരം അനുസരിച്ച് അപേക്ഷകർക്ക് ഇനി മുതൽ ഓൺലൈൻ വഴി പരീക്ഷ എഴുതാനുള്ള സൗകര്യമാണ് പ്രധാനമായും ഒരുക്കിയിരിക്കുന്നത്. 2026 മാർച്ച് ഒൻപതിനാനാണ് ഔദ്യോഗികമായി ഈ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.
പുതിയ നിയമം അനുസരിച്ച് അപേക്ഷകർക്ക് സ്വന്തം കമ്പ്യൂട്ടറിലൂടെ പരീക്ഷ പൂർത്തിയാക്കാം. ഇതോടെ ഓൺലൈൻ സംവിധാനം പൗരത്വ പരീക്ഷയുടെ ഔദ്യോഗിക മാനദണ്ഡമായി മാറി. പരാജയപ്പെട്ടാൽ ഒരു തവണ കൂടി മാത്രമാണ് നേരത്തെ പരീക്ഷ എഴുതാൻ സാധിച്ചിരുന്നത്. എന്നാൽ പുതിയ നിയമപ്രകാരം അപേക്ഷകർക്ക് മൂന്ന് അവസരങ്ങൾ വരെ ലഭിക്കും. പരീക്ഷാ സമയം 30 മിനിറ്റിൽ നിന്നും 45 മിനിറ്റായി വർദ്ധിപ്പിച്ചു. ഇത് അപേക്ഷകർക്ക് കൂടുതൽ ആശ്വാസകരമാകും.
ഓൺലൈൻ പരീക്ഷ എഴുതാൻ ബുദ്ധിമുട്ടുള്ളവർക്കായി നേരിട്ടുള്ള പരീക്ഷകളും മൈക്രോസോഫ്റ്റ് ടീംസ് വഴിയുള്ള പരീക്ഷകളും പ്രത്യേക സാഹചര്യങ്ങളിൽ ലഭ്യമാകും. കോവിഡ് കാലത്താണ് പരീക്ഷാ കേന്ദ്രങ്ങളിൽ പോകാതെ പരീക്ഷ എഴുതാനുള്ള ഓൺലൈൻ രീതി പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയത്. ഇത് വിജയകരമാണെന്ന് കണ്ടതോടെയാണ് സ്ഥിരം സംവിധാനമാക്കാൻ സർക്കാർ തീരുമാനിച്ചത്. ഇമിഗ്രേഷൻ നടപടികൾ കൂടുതൽ ലളിതമാക്കാനും ആധുനികവൽക്കരിക്കാനുമുള്ള കാനഡയുടെ നീക്കത്തിൻ്റെ ഭാഗമായാണ് ഈ നടപടി. ഈ മാറ്റങ്ങൾ പൗരത്വ നടപടികൾ കൂടുതൽ സുതാര്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.