കാനഡയിൽ ബാങ്ക് സർവീസ് ചാർജുകൾക്ക് നിയന്ത്രണം: എൻ.എസ്.എഫ്  ഫീ ഇനി പരമാവധി 10 ഡോളർ മാത്രം

By: 600110 On: Mar 13, 2026, 2:08 PM

അക്കൗണ്ടിൽ ആവശ്യത്തിന് പണമില്ലാത്ത സാഹചര്യത്തിൽ ചെക്കുകളോ മറ്റ് പ്രീ-ഓതറൈസ്ഡ് പേയ്മെന്റുകളോ മടങ്ങുമ്പോൾ ബാങ്കുകൾ ഈടാക്കുന്ന 'നോൺ സഫിഷ്യന്റ് ഫണ്ട്സ്'   ഫീസിന് കാനഡയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. പുതിയ നിയമപ്രകാരം ഇത്തരം പിഴകൾ പരമാവധി 10 ഡോളറായി പരിമിതപ്പെടുത്തിയിരിക്കുന്നു. മുൻപ് 50 ഡോളർ വരെ ഈടാക്കിയിരുന്ന സ്ഥാനത്താണിത്.

കൂടാതെ, ഒരേ അക്കൗണ്ടിൽ രണ്ട് പ്രവൃത്തിദിവസത്തിനുള്ളിൽ ഒന്നിലധികം തവണ എൻ.എസ്.എഫ് ഫീ ഈടാക്കുന്നതും, അക്കൗണ്ടിലെ കുറവ് 10 ഡോളറിൽ താഴെയാണെങ്കിൽ പിഴ ഈടാക്കുന്നതും പുതിയ നിയമം നിരോധിക്കുന്നു. ഈ മാറ്റത്തിലൂടെ കാനഡയിലെ ജനങ്ങൾക്ക് പ്രതിവർഷം 600 മില്യൺ ഡോളറിലധികം ലാഭിക്കാൻ കഴിയുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. കുറഞ്ഞ വരുമാനമുള്ളവർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും വലിയ ആശ്വാസമാണ് ഈ പരിഷ്കാരമെന്ന് ഉപഭോക്തൃ സംഘടനകൾ അഭിപ്രായപ്പെട്ടു. തുച്ഛമായ തുകയുടെ കുറവ് വരുമ്പോൾ പോലും വൻതുക പിഴയായി ഈടാക്കുന്ന ബാങ്കുകളുടെ രീതി പലപ്പോഴും സാധാരണക്കാരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടാറുണ്ട്.