ശസ്ത്രക്രിയയ്ക്ക് ശേഷം തലയോട്ടിയിൽ ഘടിപ്പിച്ച സ്ക്രൂ പുറത്തേക്ക് തള്ളി വന്നിട്ടും അത് പരിശോധിക്കാൻ തയ്യാറാകാതെ ഡോക്ടർ മടക്കി അയച്ചതിനെത്തുടർന്ന്, യുവതിക്ക് സ്ക്രൂ നീക്കം ചെയ്യേണ്ടി വന്നത് വീട്ടിൽ വെച്ച്. കാനഡയിലെ സസ്‌കാറ്റൂണിലാണ് ആരോഗ്യവകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന ഈ ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്.
മസ്തിഷ്കത്തിലെ ട്യൂമർ നീക്കം ചെയ്യാൻ 14 മാസം മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്റ്റെഫാനി ഫോറിനാണ് ഈ ദുരനുഭവം ഉണ്ടായത്. ശസ്ത്രക്രിയയുടെ ഭാഗമായി ഇവരുടെ തലയോട്ടിയിൽ മെറ്റൽ പ്ലേറ്റും സ്ക്രൂകളും ഘടിപ്പിച്ചിരുന്നു. എന്നാൽ അടുത്തിടെ ഇതിലൊരു സ്ക്രൂ ചർമ്മം തുളച്ച് പുറത്തേക്ക് വരികയും തലയിൽ അസഹനീയമായ വേദന അനുഭവപ്പെടുകയും ചെയ്തു.
തുടർന്ന് സസ്‌കാറ്റൂണിലെ റോയൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സ തേടിയ സ്റ്റെഫാനിക്ക് അഞ്ചര മണിക്കൂറോളം എമർജൻസി വിഭാഗത്തിൽ കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ പരിശോധനയ്ക്ക് എത്തിയ ഡോക്ടർ സ്ക്രൂ ശരിയായി നോക്കാൻ പോലും തയ്യാറായില്ലെന്ന് സ്റ്റെഫാനി പരാതിപ്പെടുന്നു. അത് വെറുമൊരു നീർവീക്കം മാത്രമാണെന്ന് പറഞ്ഞ് ഡോക്ടർ സ്റ്റെഫാനിയെ മടക്കി അയക്കുകയായിരുന്നു.
ആശുപത്രിയിൽ നിന്ന് സഹായം ലഭിക്കാതെ വന്നതോടെ, അന്നുരാത്രി വീട്ടിൽ വെച്ച് സ്റ്റെഫാനിയുടെ സുഹൃത്ത് ഒരു ട്വീസർ ഉപയോഗിച്ചാണ് ആ സ്ക്രൂ പുറത്തെടുത്തത്. ഇപ്പോഴും ബ്രെയിൻ കാൻസറിന് ചികിത്സ തേടിക്കൊണ്ടിരിക്കുന്ന തന്നോട് ഡോക്ടർ കാട്ടിയത് കടുത്ത നീതികേടാണെന്ന് സ്റ്റെഫാനി പറയുന്നു. സംഭവത്തിൽ സസ്‌കാച്ചെവനിലെ കോളേജ് ഓഫ് ഫിസിഷ്യൻസ് ആന്റ് സർജൻസിൽ ഔദ്യോഗികമായി പരാതി നൽകാനാണ് ഇവരുടെ തീരുമാനം.രോഗികളുടെ പരാതികൾ ഗൗരവമായി കാണുന്നുവെന്ന് ഹെൽത്ത് അതോറിറ്റി അറിയിച്ചെങ്കിലും സംഭവത്തിൽ കൃത്യമായ വിശദീകരണം നൽകാൻ തയ്യാറായിട്ടില്ല.