യു എസ് സര്‍വകലാശാലയില്‍ വെടിവെപ്പ്: അക്രമിയെ വിദ്യാര്‍ത്ഥികള്‍ വധിച്ചു; ഭീകരാക്രമണമെന്ന് എഫ് ബി ഐ

By: 600002 On: Mar 13, 2026, 8:43 AM


 

പി പി ചെറിയാന്‍

വിര്‍ജീനിയ: അമേരിക്കയിലെ വര്‍ജീനിയയിലുള്ള ഓള്‍ഡ് ഡൊമിനിയന്‍ യൂണിവേഴ്സിറ്റിയില്‍ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പില്‍ അധ്യാപകന്‍ കൊല്ലപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തിയ അക്രമി സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. ഈ ആക്രമണത്തെ ഒരു ഭീകരാക്രമണമായാണ് എഫ്.ബി.ഐ (FBI) കണക്കാക്കുന്നത്.

റിട്ടയര്‍ഡ് ആര്‍മി ഓഫീസറും ഇന്‍സ്ട്രക്ടറുമായ ലെഫ്റ്റനന്റ് കേണല്‍ ബ്രാന്‍ഡന്‍ ഷാ അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. മുഹമ്മദ് ബൈലര്‍ ജല്ലോ (36) എന്നയാളാണ് വെടിയുതിര്‍ത്തത്. ഇയാള്‍ മുന്‍പ് വര്‍ജീനിയ നാഷണല്‍ ഗാര്‍ഡില്‍ അംഗമായിരുന്നു.

ഐസിസിന് സഹായം നല്‍കാന്‍ ശ്രമിച്ച കേസില്‍ 2016-ല്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 11 വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് 2024 ഡിസംബറിലാണ് ഇയാള്‍ പുറത്തിറങ്ങിയത്.

ക്ലാസ് മുറിയില്‍ കയറി 'അല്ലാഹു അക്ബര്‍' എന്ന് ആക്രോശിച്ചുകൊണ്ട് വെടിയുതിര്‍ത്ത ജല്ലോയെ ഒരു കൂട്ടം ധീരരായ വിദ്യാര്‍ത്ഥികള്‍ നേരിടുകയും കീഴടക്കുകയും ചെയ്തു. ഈ പോരാട്ടത്തിനിടയിലാണ് അക്രമി കൊല്ലപ്പെട്ടതെന്ന് എഫ്.ബി.ഐ സ്ഥിരീകരിച്ചു.

അപകടത്തെത്തുടര്‍ന്ന് സര്‍വകലാശാലയിലെ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.