യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും നൽകിയില്ല; വെസ്റ്റ് ജെറ്റിനും പോർട്ടർ എയർലൈൻസിനും കനത്ത പിഴ
വിമാനം വൈകിയ സമയത്ത് യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതിന് പ്രമുഖ വിമാനക്കമ്പനികളായ വെസ്റ്റ് ജെറ്റിനും പോർട്ടർ എയർലൈൻസിനും കാനഡയിൽ വൻ തുക പിഴ ചുമത്തി. യാത്രക്കാർ മണിക്കൂറുകളോളം കാത്തിരുന്നിട്ടും അവർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും നൽകിയില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കനേഡിയൻ ട്രാൻസ്പോർട്ടേഷൻ ഏജൻസി (CTA) ആണ് പിഴ പ്രഖ്യാപിച്ചത്. വെസ്റ്റ് ജെറ്റിന് ഏകദേശം 48,000 ഡോളറും പോർട്ടർ എയർലൈൻസിന് 40,000 ഡോളറുമാണ് പിഴ ചുമത്തിയത്. 2023-ലും 2024-ലും നടന്ന വിമാനം വൈകൽ സംഭവങ്ങളിലാണ് ഈ നടപടി. വിമാനം വൈകുന്ന സമയത്ത് യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും ശുചിമുറി സൗകര്യങ്ങളും നൽകണമെന്ന കാനഡയിലെ 'എയർ പാസഞ്ചർ പ്രൊട്ടക്ഷൻ' നിയമം കമ്പനികൾ ലംഘിച്ചതായി അധികൃതർ കണ്ടെത്തി.വിമാനം വൈകുകയാണെങ്കിൽ അതിൻ്റെ കാരണം കൃത്യമായി യാത്രക്കാരെ അറിയിക്കണമെന്നും അവർക്ക് അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കണമെന്നും നിയമമുണ്ട്.
പിഴ ചുമത്തിയ നടപടിയെക്കുറിച്ച് പഠിച്ചുവരികയാണെന്ന് രണ്ട് വിമാനക്കമ്പനികളും അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും തങ്ങൾ മുൻഗണന നൽകുന്നുണ്ടെന്നും സേവനം മെച്ചപ്പെടുത്താൻ അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി.