കാനഡയിലെ ടെലികോം ഉപഭോക്താക്കൾക്ക് വൻ സാമ്പത്തിക ലാഭമുണ്ടാക്കുന്ന നിർണ്ണായക പ്രഖ്യാപനവുമായി രാജ്യത്തെ ടെലികോം റെഗുലേറ്ററായ സി.ആർ.ടി.സി (CRTC). മൊബൈൽ, ഇൻ്റർനെറ്റ് പ്ലാനുകൾ മാറ്റുമ്പോഴോ റദ്ദാക്കുമ്പോഴോ കമ്പനികൾ ഈടാക്കുന്ന അധിക ഫീസുകൾ നിർത്തലാക്കാൻ തീരുമാനിച്ചു. 2026 ജൂൺ 12 മുതൽ പുതിയ പരിഷ്കാരം നിലവിൽ വരും.
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ പ്ലാനുകൾ ആക്ടിവേറ്റ് ചെയ്യുമ്പോഴോ നിലവിലുള്ളത് റദ്ദാക്കി മറ്റൊരു കമ്പനിയിലേക്ക് മാറുമ്പോഴോ ഉപഭോക്താക്കൾ യാതൊരു വിധത്തിലുള്ള അധിക ചാർജുകളും നൽകേണ്ടതില്ല. വ്യക്തിഗത വരിക്കാർക്കും ചെറുകിട ബിസിനസ് സ്ഥാപനങ്ങൾക്കും ഒരുപോലെ ഈ ആനുകൂല്യം ലഭിക്കും. പ്രമുഖ ഹോം ഇൻ്റർനെറ്റ് സേവന ദാതാക്കളും ഈ പരിധിയിൽ വരും. ടെലികോം കമ്പനികൾക്കിടയിൽ ആരോഗ്യകരമായ മത്സരം ഉറപ്പാക്കുകയാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ പ്ലാനുകൾ മാറ്റുമ്പോൾ നൽകേണ്ടി വരുന്ന 'കാൻസലേഷൻ ഫീസും' മറ്റ് ഒളിഞ്ഞിരിക്കുന്ന ചാർജുകളും കാരണം കുറഞ്ഞ നിരക്കിലുള്ള സേവനങ്ങളിലേക്ക് മാറാൻ പലരും മടിച്ചിരുന്നു. ഈ തടസ്സം മാറുന്നതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ സ്വാതന്ത്ര്യവും തിരഞ്ഞെടുക്കാനുള്ള അവസരവും ലഭിക്കുമെന്ന് സി.ആർ.ടി.സി വ്യക്തമാക്കി.
നേരത്തെ നടത്തിയ പൊതുജന അഭിപ്രായ സർവേയിൽ പ്ലാനുകൾ മാറ്റുമ്പോഴുള്ള അധിക ചിലവുകളെക്കുറിച്ച് കാനഡക്കാർ വ്യാപകമായ പരാതികൾ ഉന്നയിച്ചിരുന്നു. കമ്പനികളുടെ ഭാഗത്തുനിന്നും ഭരണപരമായ ചിലവുകൾ ചൂണ്ടിക്കാട്ടി എതിർപ്പുകൾ ഉയർന്നെങ്കിലും ഉപഭോക്തൃ സംരക്ഷണത്തിനാണ് മുൻഗണനയെന്ന് റെഗുലേറ്റർ അറിയിച്ചു.