ആൽബർട്ടയിലെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി, സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവർക്കുള്ള പിഴ തുക 30 ശതമാനം വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്ക് പ്രകാരം വെള്ളിയാഴ്ച മുതൽ നിയമലംഘകർ 211 ഡോളർ പിഴയായി ഒടുക്കേണ്ടി വരും; നിലവിൽ ഇത് 162 ഡോളറായിരുന്നു.
ഡ്രൈവർമാർക്കും സഹയാത്രക്കാർക്കും ഒരുപോലെ ബാധകമായ ഈ നിയമം, റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണമെന്നും സീറ്റ് ബെൽറ്റുകൾ കൃത്യമായി ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അൽബെർട്ട ആർ.സി.എം.പി ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. വാഹനങ്ങളിലെ എയർബാഗുകൾ സീറ്റ് ബെൽറ്റുകളുടെ സുരക്ഷാ സംവിധാനത്തെ സഹായിക്കാൻ മാത്രമുള്ളതാണെന്നും അവയ്ക്ക് പകരമല്ലെന്നും അധികൃതർ ഓർമ്മിപ്പിച്ചു. 2025-ൽ മാത്രം സംസ്ഥാനത്ത് 2,338 സീറ്റ് ബെൽറ്റ് നിയമലംഘന കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ശിക്ഷാ നടപടികൾ കടുപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്.