ഓൺലൈൻ ബ്ലാക്ക്‌മെയിലിംഗ് വർധിക്കുന്നു: എഡ്മന്റണിൽ കൗമാരക്കാർക്ക് സെക്സ്റ്റോർഷൻ ഭീഷണിയിലെന്ന് പോലീസ്

By: 600110 On: Mar 12, 2026, 1:36 PM

 എഡ്മന്റണിൽ 13 വയസ്സ് പ്രായമുള്ള കുട്ടികൾ വരെ ഓൺലൈൻ വഴിയുള്ള ലൈംഗിക ബ്ലാക്ക്‌മെയിലിംഗിന്  ഇരയാകുന്നതായി പോലീസ് . 2014 മുതൽ 2024 വരെയുള്ള കാലയളവിൽ കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ ലൈംഗിക ചൂഷണം 347 ശതമാനം വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2018-നും 2025-നും ഇടയിൽ ഇത്തരത്തിലുള്ള 983 കേസുകളാണ് എഡ്മന്റൺ പോലീസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇരകളിൽ ഭൂരിഭാഗവും 13-നും 16-നും ഇടയിൽ പ്രായമുള്ളവരാണെന്നും ഇതിൽ 68 ശതമാനവും പെൺകുട്ടികളാണെന്നും പോലീസ് അറിയിച്ചു.  

സമീപകാലത്തായി ആൺകുട്ടികൾക്കിടയിലും ഇത്തരം കേസുകൾ വർധിച്ചു വരുന്നത് ആശങ്കാജനകമാണ്.
കുട്ടികളുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കിയ ശേഷം അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന രീതിയാണ് പ്രതികൾ പിന്തുടരുന്നത്. കുട്ടികൾ ഫോൺ ഉപയോഗിക്കുമ്പോൾ അമിത രഹസ്യസ്വഭാവം കാണിക്കുക, സുഹൃത്തുക്കളിൽ നിന്ന് ഒറ്റപ്പെടുക, പെട്ടെന്നുണ്ടാകുന്ന വിഷാദം അല്ലെങ്കിൽ ദേഷ്യം എന്നിവ ഇതിന്റെ ലക്ഷണങ്ങളാകാമെന്ന് അധികൃതർ മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു.

കുട്ടികളുമായി ഓൺലൈൻ സുരക്ഷയെക്കുറിച്ച് സംസാരിക്കണമെന്നും സംശയാസ്പദമായ സാഹചര്യമുണ്ടായാൽ ഉടൻ അധികൃതരെ വിവരം അറിയിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു. മുൻപ് കാനഡയിൽ ഇത്തരത്തിൽ ബ്ലാക്ക്‌മെയിലിംഗിന് ഇരയായി കൗമാരക്കാർ ആത്മഹത്യ ചെയ്ത സംഭവങ്ങൾ കൂടി മുൻനിർത്തി സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ പരിപാടികൾ ശക്തമാക്കാൻ ഒരുങ്ങുകയാണ് പോലീസ്.