ടൊറൻ്റോയിൽ വ്യാജ വാഹന ഇൻഷുറൻസ് തട്ടിപ്പ് വ്യാപകമാകുന്നു; ജാഗ്രതാ നിർദ്ദേശവുമായി പോലീസ്

By: 600110 On: Mar 12, 2026, 9:10 AM

 
കുറഞ്ഞ നിരക്കിൽ വാഹന ഇൻഷുറൻസ് വാഗ്ദാനം ചെയ്ത് പൊതുജനങ്ങളെ കബളിപ്പിക്കുന്ന വൻ തട്ടിപ്പ് സംഘത്തിനെതിരെ ടൊറൻ്റോ പോലീസ് ജാഗ്രതാ നിർദ്ദേശം നൽകി. 2025 മെയ് മുതൽ 2026 ഫെബ്രുവരി വരെയുള്ള കാലയളവിൽ നിരവധി പേർ ഈ തട്ടിപ്പിന് ഇരയായതായാണ് റിപ്പോർട്ടുകൾ. പ്രമുഖ ഇൻഷുറൻസ് കമ്പനികളുടെ ഏജൻ്റുമാരെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്.

വാർഷിക പ്രീമിയം തുകയിൽ വലിയ ഇളവുകൾ വാഗ്ദാനം ചെയ്യുന്ന സംഘം, പണം ലഭിച്ചു കഴിഞ്ഞാൽ പ്രമുഖ കമ്പനികളുടേതിന് സമാനമായ വ്യാജ ഇൻഷുറൻസ് രേഖകളും 'പിങ്ക് സ്ലിപ്പും' നൽകും. എന്നാൽ വാഹനം അപകടത്തിൽപ്പെടുകയോ പോലീസ് പരിശോധന നടത്തുകയോ ചെയ്യുമ്പോൾ മാത്രമാണ് തങ്ങൾ കൈവശം വെച്ചിരിക്കുന്നത് വ്യാജ രേഖകളാണെന്ന സത്യം പലരും തിരിച്ചറിയുന്നത്. അതിനാൽ  ലൈസൻസുള്ള ഇൻഷുറൻസ് ബ്രോക്കർമാരിൽ നിന്നോ കമ്പനികളിൽ നിന്നോ നേരിട്ടോ മാത്രം ഇൻഷുറൻസ് എടുക്കണമെന്നാണ് വിദഗ്ധരുടെ ഉപദേശം.

ലഭിച്ച പോളിസിയുടെ സത്യാവസ്ഥ ഉറപ്പുവരുത്താൻ ഇൻഷുറൻസ് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുള്ള നമ്പറിൽ വിളിച്ച് അന്വേഷിക്കേണ്ടതുമാണ്.  വൻകിട ഇൻഷുറൻസ് കമ്പനികളൊന്നും തന്നെ മുൻകൂറായി പണമോ ഇ-ട്രാൻസ്ഫറോ   ആവശ്യപ്പെടാറില്ല എന്നതാണ് വസ്തുത. വില കുറഞ്ഞ ഓഫറുകൾക്ക് പിന്നാലെ പോകുമ്പോൾ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഇടനിലക്കാരെ ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. തട്ടിപ്പ് സംഘത്തെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.