വടക്കുപടിഞ്ഞാറൻ കാൽഗറിയിൽ ടയർ മാറുന്നതിനിടെ വാഹനം ഇടിച്ചു 18 വയസ്സുള്ള യുവാവിന് ഗുരുതരമായി പരിക്കേറ്റു. നോസ് ഹിൽ ഡ്രൈവിനും ടസ്കാനി ഹില്ലിനും സമീപം ചൊവ്വാഴ്ച രാവിലെ 8:45-ഓടെയായിരുന്നു അപകടം. റോഡിൻ്റെ ഇടതുവശത്തെ ലെയ്നിൽ നിർത്തിയിട്ടിരുന്ന തന്റെ വാഹനത്തിന്റെ ടയർ മാറാൻ ശ്രമിക്കുന്നതിനിടെ പിന്നാലെ വന്ന മറ്റൊരു വാഹനം യുവാവിനെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്നവർ പ്രാഥമിക ശുശ്രൂഷകൾ നൽകുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
യുവാവിന്റെ നില നിലവിൽ ഗുരുതരമാണെങ്കിലും അപകടാവസ്ഥ തരണം ചെയ്തതായി പോലീസ് അറിയിച്ചു. ഇടിച്ച വാഹനത്തിന്റെ ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ തുടരുകയും പോലീസുമായി സഹകരിക്കുകയും ചെയ്തു. സൂര്യപ്രകാശം കണ്ണിലടിച്ചതിനാലാകാം ഡ്രൈവർക്ക് മുൻപിലുണ്ടായിരുന്നയാളെ കാണാൻ കഴിയാതിരുന്നതെന്നാണ് പ്രാഥമിക നിഗമനം. തിരക്കേറിയ റോഡുകളിൽ വാഹനത്തിന് തകരാർ സംഭവിച്ചാൽ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് ആക്ടിംഗ് സർജൻ്റ് മൈക്ക് കോർണൽസൺ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വാഹനം എപ്പോഴും ട്രാഫിക്കിൽ നിന്ന് മാറി സുരക്ഷിതമായ സ്ഥലത്തോ റോഡിന്റെ വശങ്ങളിലോ മാത്രം നിർത്തുക, ഫോർ-വേ ഫ്ലാഷറുകൾ ഓൺ ചെയ്യുക എന്നിവ നിർബന്ധമാണ്.