ആരാധനാലയങ്ങൾക്ക് ചുറ്റും പ്രതിഷേധം നിരോധിക്കാൻ ബി.സി ; ആശങ്ക പ്രകടിപ്പിച്ച് മനുഷ്യാവകാശ സംഘടനകൾ

By: 600110 On: Mar 11, 2026, 1:01 PM

ആരാധനാലയങ്ങൾക്ക് സമീപമുള്ള പ്രതിഷേധങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ പുതിയ നിയമനിർമ്മാണത്തിന് ഒരുങ്ങി ബ്രിട്ടീഷ് കൊളംബിയ സർക്കാർ. നിലവിൽ സ്കൂളുകൾക്ക് മുന്നിൽ നിലനിൽക്കുന്ന പ്രതിഷേധ നിരോധനത്തിന് സമാനമായ രീതിയിൽ, ആരാധനാലയങ്ങളുടെ 20 മീറ്റർ പരിധിക്കുള്ളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നതോ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതോ ആയ പ്രതിഷേധങ്ങൾ തടയാനാണ് ലക്ഷ്യമിടുന്നത്. ആരാധനാലയങ്ങളിൽ എത്തുന്നവരുടെ ശാരീരികവും മാനസികവുമായ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ "ബബിൾ സോൺ" (നിയമം കൊണ്ടുവരുന്നതെന്ന് പ്രീമിയർ ഡേവിഡ് ഇബി വ്യക്തമാക്കി.

ഒൻ്റാരിയോയിലെ സിനഗോഗുകൾക്ക് നേരെയുണ്ടായ വെടിവെയ്പ്പിൻ്റെയും ആരാധനാലയങ്ങൾക്കെതിരായ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ നീക്കം. എന്നാൽ, സർക്കാരിൻ്റെ ഈ തീരുമാനത്തിനെതിരെ കാനഡയിലെ വിവിധ സിവിൽ ലിബർട്ടീസ് സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധങ്ങളിലെ അക്രമങ്ങൾ തടയാൻ നിലവിലുള്ള നിയമങ്ങൾ തന്നെ പോലീസിന് ആവശ്യമായ അധികാരം നൽകുന്നുണ്ടെന്നും പുതിയ നിയമം സമാധാനപരമായ പ്രതിഷേധങ്ങളെപ്പോലും തടയുമെന്നും അവർ വാദിക്കുന്നു. പ്രതിഷേധങ്ങൾ അല്പം തടസ്സങ്ങൾ സൃഷ്ടിക്കുന്നവയാണെങ്കിലും അവ സമാധാനപരമായിരിക്കാൻ സാധ്യതയുണ്ടെന്നും അത്തരം പ്രകടനങ്ങളെ അടിച്ചമർത്തുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും കനേഡിയൻ സിവിൽ ലിബർട്ടീസ് അസോസിയേഷൻ ഡയറക്ടർ അനൈസ് ബുസിയേഴ്സ് മക്നിക്കോൾ പറഞ്ഞു.  ഇത്തരം നിയന്ത്രണങ്ങൾ ജനാധിപത്യപരമായ അഭിപ്രായപ്രകടനങ്ങളെ ഇല്ലാതാക്കുമെന്നും മനുഷ്യാവകാശ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.