ടൊറൻ്റോ നഗരമധ്യത്തിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺസുലേറ്റിന് നേരെയുണ്ടായ വെടിവെയ്പ്പ് 'ദേശീയ സുരക്ഷാ പ്രശ്നമായി' പ്രഖ്യാപിച്ച് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച പുലർച്ചെ 5:29 ഓടെയാണ് സംഭവം നടന്നത്. വെള്ള നിറത്തിലുള്ള ഹോണ്ട സി.ആർ-വി കാറിലെത്തിയ രണ്ട് പേർ കെട്ടിടത്തിന് നേരെ ഒന്നിലധികം തവണ വെടിയുതിർത്ത ശേഷം രക്ഷപ്പെട്ടതായി ടൊറൻ്റോ പോലീസ് ഡെപ്യൂട്ടി ചീഫ് ഫ്രാങ്ക് ബറെഡോ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും കെട്ടിടത്തിന് നാശനഷ്ടങ്ങൾ സംഭവിക്കുകയും സ്ഥലത്തുനിന്ന് വെടിയുണ്ടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
സംഭവത്തെത്തുടർന്ന് ടൊറൻ്റോയിലെയും ഓട്ടവയിലെയും എംബസികൾക്കും കോൺസുലേറ്റുകൾക്കും സുരക്ഷ വർദ്ധിപ്പിച്ചതായി ആർ.സി.എം.പി ചീഫ് സൂപ്രണ്ട് ക്രിസ് ലെതർ അറിയിച്ചു. ഇതൊരു ഭീകരാക്രമണമാണോ എന്നത് വരും ദിവസങ്ങളിലെ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി മാർക്ക് കാർണി, ഒൻ്റാറിയോ പ്രീമിയർ ഡഗ് ഫോർഡ്, ടൊറന്റോ മേയർ ഒലിവിയ ചൗ എന്നിവർ ആക്രമണത്തെ ശക്തമായി അപലപിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആവശ്യമായ എല്ലാ വിഭവങ്ങളും ഉപയോഗിക്കുമെന്നും നീതി നടപ്പാക്കുമെന്ന് ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.