അഞ്ചു വയസുകാരനെ പീഡിപ്പിക്കാന്‍ കാമുകന് കൂട്ടുനിന്നു; അമ്മയ്ക്ക് 60 വര്‍ഷം തടവ്

By: 600002 On: Mar 11, 2026, 9:24 AM




പി പി ചെറിയാന്‍

ഫ്‌ളോറിഡ: സ്വന്തം മകനെ ക്രൂരമായ പീഡനത്തിന് ഇരയാക്കാന്‍ കാമുകന് ഒത്താശ ചെയ്തുകൊടുത്ത ഫ്‌ലോറിഡ സ്വദേശിനിയായ ടെയ്ലര്‍ ഷാഫറിന് (Taylor Schaefer) കോടതി 60 വര്‍ഷം തടവുശിക്ഷ വിധിച്ചു. 2023-ല്‍ നടന്ന അതിക്രൂരമായ ശിശു പീഡനക്കേസിലാണ് തിങ്കളാഴ്ച വൊളൂഷ്യ കൗണ്ടി കോടതിയുടെ ഈ വിധി.

അഞ്ചു വയസ്സുകാരനായ മകനെ പ്രതിയുടെ കാമുകന്‍ മാസങ്ങളോളം മര്‍ദ്ദിക്കുകയും പട്ടിണിക്കിടുകയും ചെയ്തിരുന്നു. കുട്ടിയെ നായയുടെ കൂട്ടില്‍ അടച്ചിടുകയും കൈകള്‍ മണിക്കൂറുകളോളം പിന്നില്‍ കെട്ടിയിടുകയും ചെയ്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.

കാമുകന്‍ കുട്ടിയെ മര്‍ദ്ദിക്കുമ്പോള്‍ ഈ അമ്മ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും പീഡന ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടതായും പോലീസ് പറഞ്ഞു. എന്നാല്‍ കുട്ടിക്ക് വൈദ്യസഹായം നല്‍കാനോ തടയാനോ ഇവര്‍ ശ്രമിച്ചില്ല.

കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തലയോട്ടിയിലെ പൊട്ടല്‍ ഉള്‍പ്പെടെ 46-ഓളം മുറിവുകളും ആന്തരിക പരിക്കുകളും ഡോക്ടര്‍മാര്‍ കണ്ടെത്തി.

താന്‍ ഒന്നുമറിഞ്ഞില്ലെന്നായിരുന്നു ഷാഫര്‍ ആദ്യം പോലീസിനോട് പറഞ്ഞതെങ്കിലും, ഇവരുടെ ഫോണ്‍ സന്ദേശങ്ങളും വീഡിയോകളും പരിശോധിച്ചതോടെ പീഡന വിവരം അമ്മയ്ക്ക് കൃത്യമായി അറിയാമായിരുന്നു എന്ന് തെളിഞ്ഞു. കാമുകന്‍ ഷോണ്‍ സ്റ്റോണിനെതിരെയും കര്‍ശനമായ നിയമനടപടികള്‍ തുടരുകയാണ്.