ചികിത്സ കിട്ടാതെ രോഗികൾ മരിക്കുന്നു; കാനഡയിലെ എമർജൻസി വിഭാഗങ്ങളിൽ കടുത്ത പ്രതിസന്ധിയെന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പ്

By: 600110 On: Mar 11, 2026, 9:02 AM

കാനഡയിലെ ആശുപത്രികളിൽ അടിയന്തര വിഭാഗത്തിലെ തിരക്ക് താങ്ങാവുന്നതിലപ്പുറമാണെന്നും, കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തത് ഒഴിവാക്കാമായിരുന്ന മരണങ്ങൾക്ക് കാരണമാകുന്നതായും ഡോക്ടർമാർ. മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടറെ കാണാൻ കഴിയാതെ രോഗികൾ മരണപ്പെടുന്ന സാഹചര്യം പതിവാകുകയാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ ആരോഗ്യമേഖല നേരിടുന്ന ഈ ഗുരുതര സാഹചര്യം വിവരിച്ചുകൊണ്ട് എമർജൻസി ഫിസിഷ്യൻമാർ പുറത്തിറക്കിയ പുതിയ കുറിപ്പിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. എമർജൻസി വിഭാഗങ്ങളിലെ മരണങ്ങൾ ഇപ്പോൾ അപ്രതീക്ഷിത സംഭവങ്ങളല്ലെന്നും, മറിച്ച് വളരെ കൃത്യമായ ഇടവേളകളിൽ ആവർത്തിക്കുന്ന ഒന്നായി മാറിയിരിക്കുകയാണെന്നും ഡോക്ടർമാർ പറയുന്നു.  രോഗികൾക്ക് മതിയായ ചികിത്സ നൽകാൻ കഴിയാത്ത സാഹചര്യത്തിൽ ഡോക്ടർമാർ വലിയ മാനസിക സമ്മർദ്ദത്തിലാണ്. പലപ്പോഴും തങ്ങളുടെ വീഴ്ച കൊണ്ടാണ് മരണം സംഭവിക്കുന്നതെന്ന് ഇവർ ഭയപ്പെടുന്നു.

നിലവിൽ പല ആശുപത്രികളും അവയുടെ പരമാവധി ശേഷിക്കും   മുകളിലാണ് പ്രവർത്തിക്കുന്നത്. ജീവനക്കാരുടെ കുറവും ആവശ്യത്തിന് ബെഡുകൾ ഇല്ലാത്തതുമാണ് പ്രധാന വെല്ലുവിളി.  നിലവിലെ ആരോഗ്യസംവിധാനം രോഗികളെയും ജീവനക്കാരെയും ഒരേപോലെ പരാജയപ്പെടുത്തുകയാണെന്ന് ഡോക്ടർമാർ കുറ്റപ്പെടുത്തുന്നു.  കൂടുതൽ ജീവനക്കാരെ നിയമിക്കുക, ബെഡുകളുടെ എണ്ണം വർദ്ധിപ്പിക്കുക തുടങ്ങിയ അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ ഇനിയും ഒട്ടേറെ ജീവനുകൾ നഷ്ടപ്പെടുമെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.