മോർട്ട്ഗേജ് പുതുക്കുന്നതിനിടെ (Refinancing) ഒൻ്റാരിയോ സ്വദേശിനിയായ വീട്ടമ്മയ്ക്ക് 85,000 ഡോളർ നഷ്ടമായി. അംഗീകാരമില്ലാത്ത മോർട്ട്ഗേജ് ബ്രോക്കറെ വിശ്വസിച്ച് പണം കൈമാറിയതാണ് ഇവർക്ക് തിരിച്ചടിയായത്. താൻ ഇടപാട് നടത്തുന്നത് നിയമപരമായ അംഗീകാരമുള്ള കമ്പനിയുമായാണെന്ന് വിശ്വസിച്ചാണ് ഇവർ പണം കൈമാറിയത്.
താൻ നൽകുന്ന പണം ലോൺ തിരിച്ചടവിലേക്ക് പോകുമെന്നാണ് അവർ കരുതിയത്. എന്നാൽ അതുണ്ടായില്ലെന്ന് വ്യക്തമായതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം അവർ മനസ്സിലാക്കിയത്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും നഷ്ടപ്പെട്ട തുക തിരികെ ലഭിക്കുന്നത് പ്രയാസകരമായിരിക്കുമെന്നാണ് സൂചന. ഇതേത്തുടർന്ന് ഒൻ്റാരിയോയിലെ ഫിനാൻഷ്യൽ സർവീസസ് റെഗുലേറ്ററി അതോറിറ്റി (FSRA) ഉപഭോക്താക്കൾക്ക് കർശന ജാഗ്രതാ നിർദ്ദേശം നൽകി.
ചില കമ്പനികൾ മോർട്ട്ഗേജ് പണമിടപാടുകൾ നടത്താൻ നിയമവിരുദ്ധമായി രംഗത്തുണ്ടെന്നും ഇവർക്ക് പണം കൈകാര്യം ചെയ്യാൻ ലൈസൻസില്ലെന്നും അധികൃതർ വ്യക്തമാക്കി. അംഗീകാരമുള്ള ബ്രോക്കർമാർ ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തിയുള്ള കർശനമായ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ ലൈസൻസില്ലാത്തവർ യാതൊരുവിധ പരിശോധനകളോ ഉത്തരവാദിത്തമോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയാണ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. പണം കൈമാറുന്നതിന് മുമ്പ് ബ്രോക്കറുടെ ലൈസൻസ് വിവരങ്ങൾ FSRA വെബ്‌സൈറ്റിലൂടെ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.