ഹോര്‍മുസ് കടലിടുക്കിലെ വിനാശകരമായ പുക!

By: 600002 On: Mar 11, 2026, 8:48 AM



 


ഡോ. മാത്യു ജോയിസ്, വേഗാസ് 


മിഡില്‍ ഈസ്റ്റില്‍ യുദ്ധത്തിന്റെ തീ പടര്‍ന്നുകൊണ്ടേയിരിക്കുമ്പോള്‍, അതിന്റെ പ്രത്യാഘാതങ്ങളുടെ പുക ലോകത്താകമാനം കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നു.

ഇത് വെറും വാക്കുകളുടെ യുദ്ധമല്ല. ആഗോള എണ്ണവിപണിയുടെ ഹൃദയഭാഗമായ ഹോര്‍മുസ് കടലിടുക്ക് ഇപ്പോള്‍ ഭീതിയുടെ നിഴലിലാണ്. ലോകത്തിലെ ഏറ്റവും നിര്‍ണായകമായ സമുദ്രവ്യാപാര പാതകളിലൊന്നായ ഈ കടലിടുക്ക് അടഞ്ഞാല്‍, ആഗോള സാമ്പത്തിക വ്യവസ്ഥ തന്നെ ശിഥിലമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങള്‍ തുടര്‍ന്നാല്‍, ഈ മേഖലയിലെ ഒരു തുള്ളി എണ്ണ പോലും അമേരിക്കയിലേക്കോ അതിന്റെ സഖ്യകക്ഷികളിലേക്കോ ഒഴുകാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ കടുത്ത മുന്നറിയിപ്പ് നല്‍കി.

മാര്‍ച്ച് 9 ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) വക്താവ് ജനറല്‍ അലി മുഹമ്മദ് നയിനി പ്രഖ്യാപിച്ചത് ലോക ഊര്‍ജ്ജ വിപണിയെ നടുക്കുന്ന വാക്കുകളായിരുന്നു. ''അമേരിക്കയും ഇസ്രായേലും ആക്രമണം തുടരുന്നിടത്തോളം കാലം ഈ മേഖലയിലൂടെ ഒരു ലിറ്റര്‍ എണ്ണ പോലും പുറത്ത് പോകില്ല,'' എന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഐആര്‍ജിസിയുമായി ബന്ധപ്പെട്ട തസ്‌നിം വാര്‍ത്താ ഏജന്‍സിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

ഫെബ്രുവരി 28 ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആക്രമണം ആരംഭിച്ചതിനുശേഷം, ഹോര്‍മുസ് കടലിടുക്കിലൂടെ നടക്കുന്ന കപ്പല്‍ഗതാഗതം ഏതാണ്ട് നിലച്ചിരിക്കുകയാണ്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് കടലിടുക്കിനടുത്തുള്ള നിരവധി വ്യാപാര കപ്പലുകള്‍ക്ക് നേരെ ആക്രമണം നടന്നതോടെ സ്ഥിതി അതീവ അപകടകരമായി.

ഈ സംഭവവികാസങ്ങള്‍ക്കുശേഷം ലോകത്തിലെ പ്രമുഖ ഷിപ്പിംഗ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പോലും യുദ്ധഭീഷണി ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് നയങ്ങള്‍ പിന്‍വലിക്കാന്‍ തുടങ്ങി. അതിന്റെ ഫലമായി നിരവധി കപ്പല്‍ കമ്പനികള്‍ ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ തന്നെ ഭയപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയത്.

മിഡില്‍ ഈസ്റ്റിലെ ഈ സംഘര്‍ഷം ലോകസാമ്പത്തികത്തിന്റെ സഹനശേഷിയെ പരീക്ഷിക്കുന്നതാണെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ (ഐഎംഎഫ്) മേധാവി ക്രിസ്റ്റലീന ജോര്‍ജിയേവ മുന്നറിയിപ്പ് നല്‍കി. ''ചിന്തിക്കാനാവാത്തതിനെക്കുറിച്ചുപോലും ഇപ്പോള്‍ ചിന്തിക്കേണ്ട സമയമാണിത്,'' എന്ന് അവര്‍ പറഞ്ഞു.

അതേസമയം, ഖത്തര്‍ ഊര്‍ജ്ജ മന്ത്രി സാദ് ഷെരിദ അല്‍-കാബിയുടെ മുന്നറിയിപ്പ് ഇനിയും ഭീതിജനകമാണ്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ടാങ്കറുകളും വ്യാപാര കപ്പലുകളും തടസ്സപ്പെടുകയാണെങ്കില്‍, വെറും രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ തന്നെ എണ്ണവില ബാരലിന് 150 ഡോളര്‍ വരെ പൊങ്ങിക്കുതിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്ഥിതിഗതികള്‍ വളരെ അയവുള്ളതായി തുടരുന്നു, ഇരുപക്ഷവും ഒരു പരിഹാരത്തിലെത്താനുള്ള സമ്മര്‍ദ്ദത്തിലാണ്, പക്ഷേ, ആഴത്തിലുള്ള, തന്ത്രപരമായ, വിയോജിപ്പുകളെ അഭിമുഖീകരിക്കുന്നു,

അമേരിക്ക യുദ്ധത്തില്‍ വിജയിച്ചു എന്ന ട്രംപിന്റെ ഏകപക്ഷീയമായ പ്രഖ്യാപനം സംഘര്‍ഷം അവസാനിപ്പിക്കില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചി പറഞ്ഞു. ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ യുഎസ് സന്നദ്ധത പ്രഖ്യാപിച്ചാലും, ഇറാന്‍ ഏതെങ്കിലും രൂപത്തില്‍ സംഘര്‍ഷം തുടരാനോ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കുന്ന കപ്പലുകളുടെ നിയന്ത്രണം നിലനിര്‍ത്താനോ തയ്യാറായേക്കാമെന്നാണ് സൂചന. ഇനി ഒറു ആക്രമണത്തിന് അമേരിക്കാ വരില്ലെന്ന ഉറപ്പ് ഇറാന് കിട്ടുന്നതു വരെ ഹോര്‍മോസ് കടലിടുക്കില്‍ അവര്‍ നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിയേക്കാം.

മിഡില്‍ ഈസ്റ്റില്‍ ഉയരുന്ന ഈ ചൂട് വെറും പ്രദേശിക സംഘര്‍ഷമല്ല  ലോക സമ്പദ്വ്യവസ്ഥയുടെ ശ്വാസനാളം പിടിച്ചുലയ്ക്കുന്ന ഒരു പുതിയ പ്രതിസന്ധിയുടെ തുടക്കമായിരിക്കാം. ലോകരാഷ്ട്രങ്ങളുടെ സമാധാനത്തിനായി നിലനില്‍ക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ സമുചിതമായ നടപടിയ്ക്കായി ലോകവും കാതോര്‍ത്തിരുന്നു!