തുർക്കിയിൽ സൗന്ദര്യവർദ്ധക ശസ്ത്രക്രിയയെത്തുടർന്ന് കനേഡിയൻ സ്വദേശിനി അന്തരിച്ചു

By: 600110 On: Mar 10, 2026, 1:40 PM

സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾക്കായി തുർക്കിയിലെത്തിയ കനേഡിയൻ സ്വദേശിനി മരിച്ചു.
 ജെസ്സിക്ക ചാഗ്നോൺ ഗെയ്‌ലക്സ് എന്ന മുപ്പത്തഞ്ചു വയസ്സുകാരിക്കാണ് ജീവൻ നഷ്ടമായത് . ക്യുബെക്കിലെ സെൻ്റ്-ലിൻ-ലോറൻ്റൈഡ്സ് സ്വദേശിനിയായ ഇവർ നാല് കുട്ടികളുടെ അമ്മയാണ്.  ശനിയാഴ്ച വൈകുന്നേരം 4 മണിയോടെ അന്റാലിയയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്.

മാർച്ച് രണ്ടിന് സുഹൃത്തിനൊപ്പം തുർക്കിയിലെത്തിയ ജെസ്സിക്ക, വയറിലെ അധിക കൊഴുപ്പ് നീക്കം ചെയ്യുന്ന 'ടമ്മി ടക്ക്' , സ്തനങ്ങൾക്ക് രൂപഭംഗി വരുത്തുന്ന 'ബ്രെസ്റ്റ് ലിഫ്റ്റ്' എന്നീ ശസ്ത്രക്രിയകൾക്കാണ് വിധേയയായത്. ശസ്ത്രക്രിയകൾ ആസൂത്രണം ചെയ്തതുപോലെ വിജയകരമായി പൂർത്തിയായെന്നും തുടക്കത്തിൽ സങ്കീർണ്ണതകൾ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, ശസ്ത്രക്രിയയ്ക്ക് ശേഷം ഇവരുടെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തെത്തുടർന്ന് തുർക്കി പോലീസ് ഹോമിസൈഡ് വിഭാഗവും പ്രോസിക്യൂട്ടർ ഓഫീസും സംയുക്തമായി ആശുപത്രിയിൽ വിശദമായ അന്വേഷണം ആരംഭിച്ചു. പ്രാഥമിക ക്രൈം സീൻ പരിശോധനയിൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട തുന്നലുകൾ  അല്ലാതെ ശരീരത്തിൽ മറ്റ് മുറിവുകളോ പരിക്കുകളോ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. വിദേശരാജ്യങ്ങളിൽ പോയി കുറഞ്ഞ ചിലവിൽ ശസ്ത്രക്രിയകൾ നടത്തുന്ന 'മെഡിക്കൽ ടൂറിസവുമായി' ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് ഈ സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.