വിദേശ വിദ്യാർത്ഥികളെ മറയാക്കിയുള്ള വൻ ട്യൂഷൻ ഫീ തട്ടിപ്പിൽ വാൻകൂവർ സ്വദേശിനിക്ക് ലക്ഷങ്ങൾ നഷ്ടമായി. വാൻകൂവർ സ്വദേശിനിയായ മിറ ബർഗസ് എന്ന യുവതിയുടെ അക്കൗണ്ടിൽ നിന്ന് 37,000 ഡോളറിലധികമാണ് ട്യൂഷൻ ഫീ തട്ടിപ്പിനെ തുടർന്ന് നഷ്ടമായത്. ഒരു സ്വകാര്യ സർവ്വകലാശാലയിലേക്ക് തൻ്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴി 25 തവണയായി പണം കൈമാറ്റം ചെയ്യപ്പെട്ടതായി യുവതി കണ്ടെത്തി.
ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണിൽ വിളിച്ച്, അക്കൗണ്ടിൽ ക്രമക്കേട് നടന്നുവെന്നും അത് പരിഹരിക്കാൻ ബാങ്കിംഗ് ആപ്പ് ഉപയോഗിക്കണമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാർ മിറയുടെ പണം അപഹരിച്ചത്. ഇത്രയും വലിയ തുക എവിടെയാണെന്ന് വ്യക്തമായി അറിഞ്ഞിട്ടും ബാങ്കോ, പോലീസോ, പണം കൈപ്പറ്റിയ സർവ്വകലാശാലയോ ഇത് തിരികെ നൽകാൻ മാസങ്ങളോളം തയ്യാറായില്ല എന്നത് സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
അന്താരാഷ്ട്ര വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പ്രധാനമായും ഈ തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്. കുറഞ്ഞ നിരക്കിൽ ട്യൂഷൻ ഫീ അടച്ചുതരാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ വിദ്യാർത്ഥികളിൽ നിന്ന് നേരിട്ട് പണം വാങ്ങുകയും, പകരം മോഷ്ടിച്ച ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഉപയോഗിച്ച് സർവ്വകലാശാലകളിൽ ഫീസ് അടയ്ക്കുകയുമാണ് ചെയ്യുന്നത്.
തങ്ങളുടെ ഫീസ് അടച്ചു കഴിഞ്ഞു എന്ന് വിദ്യാർത്ഥികൾ വിശ്വസിക്കുമെങ്കിലും, മോഷ്ടിക്കപ്പെട്ട കാർഡ് ഉടമകൾ പരാതിപ്പെടുമ്പോൾ മാത്രമേ ഈ ചതി പുറത്തറിയുകയുള്ളൂ. നിയമസഹായം തേടുക എന്നത് സാധാരണക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്ന സാഹചര്യത്തിൽ, ഇത്തരം ഉപഭോക്തൃ തട്ടിപ്പുകളിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥ വലിയ ആശങ്കയ്ക്കിടയാക്കുന്നുണ്ട്.