ഇറാനില്‍ സൈനിക നടപടി തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ശത്രുവിനെ പൂര്‍ണ്ണമായും പരാജയപ്പെടുത്തുന്നത് വരെ വിശ്രമിക്കില്ല. യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില വര്‍ധിക്കുന്നതില്‍ തനിക്ക് ആശങ്കയില്ലെന്നും വരും ദിവസങ്ങളില്‍ എണ്ണ വില കുറയുമെന്നും ട്രംപ് പറഞ്ഞു.
ഇറാന്റെ എണ്ണശേഖരം കൈവശപ്പെടുത്താനുള്ള സാധ്യതയും ട്രംപ് തള്ളിയില്ല. ഇറാന്റെ എണ്ണയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കണോ വേണ്ടയോ എന്ന് ചര്‍ച്ച ചെയ്യാനുള്ള സമയമായിട്ടില്ല. പക്ഷേ പലരും അതേപ്പറ്റി സംസാരിക്കുന്നുണ്ടെന്ന് ട്രംപ് എന്‍ ബി സിക്ക് അനുവദിച്ച അഭിമുഖത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. വെനസ്വേലയില്‍ നിന്നും അമേരിക്കയ്ക്ക് ഇപ്പോള്‍ എണ്ണ ലഭിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ഈ ആഴ്ച യുദ്ധം അവസാനിപ്പിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമനേയിയെ തിരഞ്ഞെടുത്തത് നിരാശാജനകമായ ഒരു തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.