പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ വാക്‌സിന്‍ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് അദ്ദേഹം രാജിവെക്കുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായുള്ള തര്‍ക്കങ്ങളും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണ് രാജിയിലേക്ക് നയിച്ചത്.
എഫ്.ഡി.എയുടെ 'സെന്റര്‍ ഫോര്‍ ബയോളജിക്‌സ് ഇവാലുവേഷന്‍ ആന്‍ഡ് റിസര്‍ച്ച്' ഡയറക്ടര്‍ സ്ഥാനത്തുനിന്നാണ് അദ്ദേഹം പടിയിറങ്ങിയത്. മാര്‍ച്ച് 6-ന് ഏജന്‍സി മേധാവി മാര്‍ട്ടി മക്കാരിയാണ് ഇക്കാര്യം അറിയിച്ചത്.
മോഡേണയുടെ ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍ പരീക്ഷണങ്ങളെ ചോദ്യം ചെയ്തുകൊണ്ട് അതിന്റെ അനുമതി അദ്ദേഹം തടഞ്ഞിരുന്നു. കൂടാതെ ഹണ്ടിംഗ്ടണ്‍സ് രോഗത്തിനുള്ള മരുന്നിന് അനുമതി നിഷേധിച്ചതും വലിയ ചര്‍ച്ചയായി.
കഴിഞ്ഞ ജൂലൈയില്‍ രാഷ്ട്രീയ കാരണങ്ങളാല്‍ അദ്ദേഹം രാജിവെച്ചിരുന്നെങ്കിലും, ഓഗസ്റ്റില്‍ ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ അദ്ദേഹത്തെ തിരികെ കൊണ്ടുവരികയായിരുന്നു.
പദവി ഒഴിഞ്ഞ വിനയ് പ്രസാദ് ഇനി സാന്‍ ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രൊഫസറായി തിരികെ പ്രവേശിക്കും.
തന്റെ സേവനകാലയളവില്‍ റെക്കോര്‍ഡ് എണ്ണം മരുന്നുകള്‍ക്ക് അദ്ദേഹം അനുമതി നല്‍കിയിട്ടുണ്ടെന്നും മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നും മാര്‍ട്ടി മക്കാരി എക്‌സിലൂടെ (X) പ്രതികരിച്ചു.