കാനഡയുടെ പാസ്‌പോർട്ടിന് ആഗോള റാങ്കിംഗിൽ വലിയ മുന്നേറ്റം. ഏറ്റവും പുതിയ ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ കാനഡ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു.
നിലവിൽ 182 രാജ്യങ്ങളിലേക്ക് വിസയില്ലാതെ തന്നെ കനേഡിയൻ പൗരന്മാർക്ക് യാത്ര ചെയ്യാനാകും. ഈ വർഷം ജനുവരിയിൽ 181 രാജ്യങ്ങളിലേക്ക് മാത്രമായിരുന്നു വിസരഹിത പ്രവേശനം ഉണ്ടായിരുന്നത്. ചൈനയിലേക്ക് കാനഡക്കാർക്ക് ഡിസംബർ 31 വരെ വിസയില്ലാതെ പ്രവേശനം അനുവദിച്ച സർക്കാർ തീരുമാനമാണ് ഈ നേട്ടത്തിന് പ്രധാനമായും വഴിയൊരുക്കിയത്.
ഓസ്‌ട്രേലിയ, ചെക്കിയ, ലാത്വിയ, ന്യൂസിലാൻഡ്, സ്ലോവാക്യ, സ്ലോവേനിയ എന്നീ ആറ് രാജ്യങ്ങളുമായാണ് കാനഡ ഇപ്പോൾ ഏഴാം സ്ഥാനം പങ്കിടുന്നത്. അയൽരാജ്യമായ അമേരിക്കയെക്കാൾ മികച്ച സ്ഥാനത്താണ് കാനഡ ഇപ്പോൾ നിൽക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 179 രാജ്യങ്ങളിലേക്ക് വിസരഹിത യാത്ര അനുവദിക്കുന്ന അമേരിക്കൻ പാസ്‌പോർട്ട് പട്ടികയിൽ പത്താം സ്ഥാനത്താണ്. സിംഗപ്പൂരാണ് ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് പദവിയിൽ ഒന്നാമത് (192 രാജ്യങ്ങൾ).
2010-കളിലും 2020-ലും ഒമ്പതാം സ്ഥാനത്തേക്ക് വരെ പിന്തള്ളപ്പെട്ടിരുന്ന കാനഡയുടെ പാസ്‌പോർട്ട്, 2014-ലാണ് ഏറ്റവും മികച്ച പ്രകടനം (രണ്ടാം സ്ഥാനം) കാഴ്ചവെച്ചത്. അതിനുശേഷമുള്ള വലിയൊരു മുന്നേറ്റമായാണ് ഈ റാങ്കിംഗിനെ വിലയിരുത്തുന്നത്.