യുഎസിലേക്കുള്ള യാത്രക്കാരുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിക്കുന്ന കാര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി അമേരിക്കൻ അതിർത്തി സേന. 2026 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നയം അനുസരിച്ച്, അതിർത്തിയിൽ പരിശോധിക്കാവുന്ന ഉപകരണങ്ങളുടെ പട്ടിക വിപുലീകരിച്ചു. ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ എന്നിവയ്ക്ക് പുറമെ സ്മാർട്ട് വാച്ചുകൾ, സിം കാർഡുകൾ, ഫ്ലാഷ് ഡ്രൈവുകൾ, ജിപിഎസ് സംവിധാനങ്ങൾ, വാഹനങ്ങളിലെ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റങ്ങൾ, ഡ്രോണുകൾ എന്നിവയും ഇനി പരിശോധനയുടെ പരിധിയിൽ വരും.
ഈ പരിശോധനകൾ പൂർണ്ണമായും നിയമപരമാണെന്നാണ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) അധികൃതരുടെ വാദം. ലഭ്യമായ കണക്കുകൾ പ്രകാരം 2024-25 സാമ്പത്തിക വർഷത്തിൽ 55,318 ഇലക്ട്രോണിക് ഉപകരണങ്ങളാണ് അതിർത്തിയിൽ പരിശോധിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 17 ശതമാനം വർദ്ധനവാണിത്. എന്നിരുന്നാലും, മൊത്തം അന്താരാഷ്ട്ര യാത്രക്കാരിൽ 0.01 ശതമാനം പേരെ മാത്രമാണ് ഇത്തരത്തിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
അതേസമയം, പുതിയ തീരുമാനത്തിനെതിരെ സ്വകാര്യത സംരക്ഷണ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ഫോട്ടോകളും സാമ്പത്തിക വിവരങ്ങളും അടങ്ങിയിട്ടുണ്ടാകുമെന്നും, വാറൻ്റ് ഇല്ലാതെ ഇത്തരത്തിൽ പരിശോധനകൾ നടത്തുന്നത് അവകാശലംഘനമാണെന്നും എസിഎൽയു (ACLU), ഇഎഫ്എഫ് (EFF) തുടങ്ങിയ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ കോടതികളുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഇവർ . നിലവിൽ, വാറൻ്റ് ഇല്ലാതെ തന്നെ ഏജന്റുമാർക്ക് പരിശോധന തുടരാൻ അനുവാദമുണ്ട്.
ഈ പശ്ചാത്തലത്തിൽ മാർച്ച് മാസത്തിലെ അവധിക്കാലം പ്രമാണിച്ച് യുഎസിലേക്ക് യാത്ര ചെയ്യുന്നവർ, പ്രത്യേകിച്ച് കാനഡയിൽ നിന്നുള്ളവർ, അതീവ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിച്ചു. യാത്രക്കാർ തങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളിലെ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.