കാനഡയിലെ ഒൻ്റാരിയോയിലുള്ള ക്ലാരിംഗ്ടണിലെ ഒരു പെട്രോ-കാനഡ ഗ്യാസ് സ്റ്റേഷനിൽ പേയ്‌മെൻ്റ് സ്‌കിമ്മിംഗ് മെഷീനുകൾ കണ്ടെത്തിയതിനെത്തുടർന്ന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈവേ 35/115-ൽ സ്ഥിതി ചെയ്യുന്ന പെട്രോ-കാനഡ ഗ്യാസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. പമ്പുകൾ പരിശോധിക്കുന്നതിനിടെയാണ് ഒരു ജീവനക്കാരൻ ഈ ഉപകരണങ്ങൾ കണ്ടെത്തിയത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് റീഡറുകളിൽ ഘടിപ്പിച്ച നിലയിലായിരുന്നു ഈ യന്ത്രങ്ങൾ. ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ മോഷ്ടിക്കാനാണ് ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നത്.
സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ജീവനക്കാർ പരിശോധിച്ചപ്പോൾ യന്ത്രങ്ങൾ സ്ഥാപിക്കുന്ന പ്രതികളുടെ ദൃശ്യം കണ്ടെത്തി. സ്‌കിമ്മിംഗ് ഉപകരണങ്ങൾ ശേഖരിക്കാൻ പ്രതികൾ അന്ന് തന്നെ ഗ്യാസ് സ്റ്റേഷനിലേക്ക് തിരികെ എത്തിയപ്പോൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്. ഇവരുടെ വാഹനത്തിൽ നടത്തിയ പരിശോധനയിൽ കൂടുതൽ ഇലക്ട്രോണിക് സ്‌കിമ്മിംഗ് ഉപകരണങ്ങൾ പിടിച്ചെടുത്തു. വാഹനത്തിനുള്ളിൽ നിന്ന് നിരോധിത ലഹരിമരുന്നുകളും കണ്ടെത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ലഹരിമരുന്ന് കൈവശം വെച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
കാർഡ് റീഡറുകൾ ഉപയോഗിക്കുമ്പോൾ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പേയ്‌മെന്റ് മെഷീനുകളിൽ അസ്വാഭാവികമായി എന്തെങ്കിലും ഘടിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും പോലീസ് നിർദ്ദേശിക്കുന്നു. അന്വേഷണം തുടരുകയാണെന്നും സംശയമുള്ളവർ പോലീസുമായി ബന്ധപ്പെടണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.