പ്രായപൂർത്തിയാകാത്ത കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയകൾക്കും ഹോർമോൺ ചികിത്സകൾക്കും ലോകമെമ്പാടും നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോഴും, കാനഡ ഈ വിഷയത്തിൽ വ്യത്യസ്തമായ നിലപാട് തുടരുന്നു. അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളും ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങളും കുട്ടികളിലെ 'പ്യൂബർട്ടി ബ്ലോക്കറുകളുടെ' ഉപയോഗത്തിൽ നിന്ന് പിന്നോട്ട് പോവുകയാണ്. ശസ്ത്രക്രിയകൾ മുതിർന്ന പ്രായത്തിലേക്ക് മാറ്റിവെക്കണമെന്ന് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ നിർദ്ദേശിക്കുമ്പോൾ, ശാസ്ത്രീയമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഇറ്റലിയും ബ്രിട്ടനും ഇത്തരം ചികിത്സകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കാനഡയിലെ ഭൂരിഭാഗം ആരോഗ്യ ഏജൻസികളും ഇപ്പോഴും കുട്ടികളിലെ ലിംഗമാറ്റ ചികിത്സകളെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
കാനഡയിലെ മറ്റ് പ്രവിശ്യകളിൽ നിന്ന് വ്യത്യസ്തമായി ആൽബർട്ട മാത്രമാണ് പ്രായപൂർത്തിയാകാത്തവരുടെ ലിംഗമാറ്റ ശസ്ത്രക്രിയകൾക്കും ഹോർമോൺ ചികിത്സകൾക്കും നിരോധനം ഏർപ്പെടുത്തിയത്. കുട്ടികളിലെ ഇത്തരം ചികിത്സകൾ പൂർണ്ണമായും സുരക്ഷിതമാണെന്ന കനേഡിയൻ പീഡിയാട്രിക് സൊസൈറ്റിയുടെ വാദത്തെ പല അന്താരാഷ്ട്ര പഠനങ്ങളും ചോദ്യം ചെയ്യുന്നുണ്ട്. ഹോർമോൺ ചികിത്സകൾ കുട്ടികളുടെ മസ്തിഷ്ക വികാസത്തെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിച്ചേക്കാമെന്ന് ബ്രിട്ടനിലെ 'കാസ് റിവ്യൂ' മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, സർക്കാരുകൾ ഇത്തരം ചികിത്സകളിൽ ഇടപെടുന്നത് ഡോക്ടർമാരുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നാണ് കനേഡിയൻ മെഡിക്കൽ അസോസിയേഷൻ്റെ നിലപാട്..