ഇറാൻ ഏജൻ്റുമാരെ കാനഡയിൽ നിന്ന് പുറത്താക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന ആരോപണം ശക്തമാകുന്നു

By: 600110 On: Mar 9, 2026, 11:11 AM

ഇറാൻ ഏജൻ്റുമാരെ കാനഡയിൽ നിന്ന് പുറത്താക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന ആരോപണം ശക്തമാകുന്നുരാജ്യത്തെ ഇമിഗ്രേഷൻ, സുരക്ഷാ സംവിധാനങ്ങളിലെ പോരായ്മകളാണ് ഇത് തുറന്നുകാട്ടുന്നതെന്ന വിമർശനം ശക്തമാകുകയാണ്.ഇറാൻ ഭരണകൂടവുമായി ബന്ധമുള്ളവരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് കാനഡ നേരത്തെ ഉറപ്പ്  നൽകിയിരുന്നെങ്കിലും, ഇതുവരെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ മാത്രമാണ് നാടുകടത്താൻ സാധിച്ചത്. ഇറാന്റെ ഭരണകൂടത്തിൽ ഉയർന്ന പദവികൾ വഹിച്ചിരുന്ന 95 പേരെക്കുറിച്ച് കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) നിലവിൽ അന്വേഷണം നടത്തിവരികയാണ്. ഇറാനിലെ യുദ്ധസമാനമായ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് ഇവരിൽ പലരും കാനഡയിൽ അഭയം തേടിയതെന്ന് സംശയിക്കുന്നു.

2022-ൽ ഇറാൻ സദാചാര പൊലീസിന്റെ കസ്റ്റഡിയിൽ മഹ്‌സ അമിനി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് കാനഡ ഇറാൻ ഉദ്യോഗസ്ഥർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. മഹ്‌സയുടെ മരണം ആഗോളതലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ മുതിർന്ന ഇറാൻ ഉദ്യോഗസ്ഥർക്ക് കാനഡയിൽ പ്രവേശിക്കുന്നതിന് ഫെഡറൽ വിലക്ക് ഏർപ്പെടുത്തിയെങ്കിലും, ഇത് ഫലപ്രദമായി നടപ്പിലാക്കുന്നതിൽ ഗൗരവകരമായ വീഴ്ച സംഭവിച്ചതായി വിമർശകർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ വെറുംവാക്ക് പറയുകയാണെന്നും പ്രായോഗികമായ നടപടികൾ ഉണ്ടാകുന്നില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ഈ ഏജന്റുമാർ കാനഡയിൽ തുടരുന്നത് രാജ്യസുരക്ഷയ്ക്ക് വൻ ഭീഷണിയാണെന്ന് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇറാൻ ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ കാനഡയിലിരുന്ന് പ്രവർത്തിക്കുന്നവരെ നിരീക്ഷിക്കാനും അവരെ അപായപ്പെടുത്താനും ഇവർ ശ്രമിച്ചേക്കാമെന്നാണ് ഭീതി. സർക്കാരിന്റെ നിസ്സംഗതയിൽ ഇറാൻ ഭരണകൂടത്തിന്റെ ഇരകളായവരുടെ കുടുംബങ്ങൾ വലിയ പ്രതിഷേധത്തിലാണ്. നിയമപരമായ കാരണങ്ങളാലാണ് നാടുകടത്തൽ വൈകുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണമെങ്കിലും, എത്രയും വേഗം കർശന നടപടി വേണമെന്നാണ് കനേഡിയൻ ജനതയുടെ ആവശ്യം.