ഡാലസില്‍ മലയാളം ലൈബ്രറി വിപുലീകരിച്ചു; പതിനായിരത്തിലധികം പുസ്തകങ്ങളുമായി വായനയുടെ വസന്തം

By: 600002 On: Mar 9, 2026, 11:05 AM



 

പി പി ചെറിയാന്‍

ഡാലസ്: പ്രവാസലോകത്തെ അക്ഷരസ്‌നേഹികള്‍ക്കായി കേരള അസോസിയേഷന്‍ ഓഫ് ഡാലസ് മലയാളം ലൈബ്രറി വായനക്കാര്‍ക്കായി വിപുലീകരിച്ചു. മലയാളത്തിന്റെ മണമുള്ള പുസ്തകങ്ങളുമായി വായനയുടെ വസന്തം ഇനി ഡാലസിലും ആസ്വദിക്കാം.

പതിനായിരത്തിലധികം (10,000+) പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് ലൈബ്രറിയില്‍ ഒരുക്കിയിരിക്കുന്നത്. പ്രിയപ്പെട്ട എഴുത്തുകാരുടെ ക്ലാസിക് കൃതികളും പുത്തന്‍ പുസ്തകങ്ങളും ലഭ്യമാണ്. കഥകള്‍, കവിതകള്‍, നോവലുകള്‍, യാത്രാവിവരണങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിഭാഗങ്ങള്‍, കുട്ടികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ബാലസാഹിത്യ വിഭാഗം എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകള്‍. 

ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററില്‍ (3821) പ്രവര്‍ത്തിക്കുന്ന ലൈബ്രറി എല്ലാ ഞായറാഴ്ചയും വൈകുന്നേരം 5 മണി മുതല്‍ 6 മണി വരെ വായനക്കാര്‍ക്കായി തുറന്നിരിക്കും.

ലൈബ്രറിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ലൈബ്രറി ഡയറക്ടര്‍ ഷിബു ജോണിനെ 214-200-5718 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

'വായിച്ചു വളരട്ടെ നാളെയുടെ തലമുറ' എന്ന സന്ദേശവുമായാണ് കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ഈ വായനശാല ഒരുക്കിയിരിക്കുന്നത്. മഹാത്മാഗാന്ധി, എ.പി.ജെ. അബ്ദുള്‍ കലാം, രവീന്ദ്രനാഥ ടാഗോര്‍, സ്വാമി വിവേകാനന്ദന്‍ എന്നിവരുടെ വായനയെക്കുറിച്ചുള്ള മഹത്വചനങ്ങളും വായനക്കാരെ സ്വാഗതം ചെയ്തുകൊണ്ട് ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.