കാനഡയിലെ ആൽബർട്ട പ്രവിശ്യയിൽ പുതിയ പാസഞ്ചർ റെയിൽ പദ്ധതി ഉടൻ യാഥാർത്ഥ്യമാകും. ആൽബർട്ട ഗതാഗത മന്ത്രി ഡെവിൻ ഡ്രീഷെൻ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദശാബ്ദങ്ങളായി ചർച്ചയിലുള്ള ഈ പദ്ധതിയുടെ വിശദാംശങ്ങൾ അടുത്ത മാസത്തോടെ ഔദ്യോഗികമായി പുറത്തുവിടും.
എഡ്മന്റൺ , കാൽഗറി എന്നീ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ പാതയാണ് പദ്ധതിയിലെ പ്രധാന ആകർഷണം. രണ്ട് നഗരങ്ങളിലെയും അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും ഈ റെയിൽ ശൃംഖല വഴി ബന്ധിപ്പിക്കും. ആൽബർട്ടയിലെ 80 ശതമാനം ജനങ്ങളും താമസിക്കുന്നത് എഡ്മന്റൺ-കാൽഗറി ഇടനാഴിയിലാണ്. അതിനാൽ തന്നെ ഈ പാത പ്രവിശ്യയിലെ ഏറ്റവും പ്രധാനപ്പെട്ട യാത്രാ മാർഗമായി മാറും.
ഹൈവേകളിലെ തിരക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും ഈ പദ്ധതി സഹായിക്കുമെന്ന് സർക്കാർ വിശ്വസിക്കുന്നു. ഇതിന് പുറമെ വിനോദസഞ്ചാര മേഖലയ്ക്കും ഇത് വലിയ ഉണർവ് നൽകും; പ്രത്യേകിച്ച് ബാൻഫ് , ലേക്ക് ലൂയിസ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്ര സുഗമമാകും. കാറുകളെയും വിമാനങ്ങളെയും അപേക്ഷിച്ച് റെയിൽ ഗതാഗതം മലിനീകരണം കുറയ്ക്കുമെന്ന് പരിസ്ഥിതി പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.
പദ്ധതിയുടെ നടത്തിപ്പിനായി ഒരു പുതിയ 'ക്രൗൺ കോർപ്പറേഷൻ' രൂപീകരിച്ചേക്കും. സർക്കാർ തനിച്ച് ഫണ്ട് നൽകുന്നതിന് പകരം സ്വകാര്യ മേഖലയിൽ നിന്നുള്ള നിക്ഷേപം കൂടി ഉൾപ്പെടുത്തിയായിരിക്കും പദ്ധതി പൂർത്തിയാക്കുക. പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഈ നീക്കത്തിന് പൂർണ്ണ പിന്തുണ നൽകുന്നുണ്ട്.